നാപോളി ബുദ്ദിമുട്ടേറിയ ടീം, തങ്ങൾ അതീവജാഗ്രതയിലെന്ന് ബാഴ്സ താരം !

നാപോളിയെ കീഴടക്കി ചാമ്പ്യൻസ് ലീഗിന്റെ അവസാനഎട്ടിൽ സ്ഥാനം പിടിക്കാൻ തങ്ങൾക്കാവുമെന്ന വിശ്വാസത്തോടെ ബാഴ്സയുടെ പ്രതിരോധനിര താരം ക്ലമന്റ് ലെങ്ലെറ്റ്. കഴിഞ്ഞ ദിവസം ബാഴ്സലോണയുടെ തന്നെ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. നാപോളി ഒരു ബുദ്ദിമുട്ടേറിയ ഒരു ടീം ആണെന്നും എന്നാൽ തങ്ങൾ അതീവജാഗ്രതയിലും ശ്രദ്ധയിലുമാണെന്നും അവരെ കീഴടക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് എട്ടിന് ക്യാമ്പ് നൗവിൽ വെച്ചാണ് രണ്ടാം പാദ പ്രീക്വാർട്ടർ നടക്കുന്നത്. ആദ്യപാദത്തിൽ 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. ഇതിലെ എവേ ഗോളിന്റെ ആനുകൂല്യം തങ്ങൾക്ക് ചെറിയ മുൻ‌തൂക്കം നൽകുന്നുവെന്നും എന്നാൽ നാപോളിയെ മറികടക്കാൻ അത് പോരെന്നും അദ്ദേഹം ശ്രദ്ധയിൽ പെടുത്തി.

” എവേ ഗോൾ ആനുകൂല്യം ചെറിയ ഒരു മുൻ‌തൂക്കം മാത്രമാണ് നൽകുന്നത്. നാപോളി ഒരു ബുദ്ദിമുട്ടേറിയ ടീം ആണ്. പക്ഷെ അടുത്ത മത്സരത്തിൽ ഞങ്ങൾ മികച്ച പോരാട്ടം കാഴ്ച്ചവെക്കുമെന്നും അത് വഴി അവസാനഎട്ടിൽ ഇടംനേടാൻ തങ്ങൾക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ആദ്യമായി ഞങ്ങൾ ചെയ്യേണ്ടത് കളിയിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ച് നാപോളിയെ മറികടക്കുക എന്നാണ്. തീർച്ചയായും ബാഴ്സ അതീവജാഗ്രതയിലും ശ്രദ്ധയിലുമാണ്. ഞങ്ങൾക്ക് സാധ്യമാവുന്ന നൂറ് ശതമാനം പ്രകടനവും തങ്ങൾ പുറത്തെടുക്കും ” ലെങ്ലെറ്റ് പറഞ്ഞു. ആദ്യപാദത്തിൽ നാപോളിക്ക് വേണ്ടി ഗോൾ നേടിയ ഡ്രൈസ് മെർട്ടെൻസിനെ പരാമർശിക്കാനും അദ്ദേഹം മറന്നില്ല. വേഗത കൊണ്ട് അവർ തങ്ങളെ നിഷ്പ്രഭരാക്കിയെന്നും മികച്ച ഗോളാണ് അദ്ദേഹം നേടിയതെന്നും ലെങ്ലെറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *