നിങ്ങൾ ഒരു ഇതിഹാസമാണ്: സുനിൽ ഛേത്രിയോട് ലൂക്ക മോഡ്രിച്ച്!
ഇന്ന് നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ കുവൈത്താണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം ഏഴുമണിക്കാണ് ഈ മത്സരം നടക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുന്നത്.ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ സുനിൽ ഛേത്രി കളിക്കുന്ന അവസാനത്തെ മത്സരം കൂടിയാണ് ഇത്.
ഇന്ത്യൻ ജേഴ്സിയിൽ നമുക്ക് ഈ 39കാരനെ കാണാൻ കഴിയില്ല. സുനിൽ ഛേത്രി നേരത്തെതന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അവസാന മത്സരം കളിക്കുന്ന സുനിൽ ഛേത്രിക്ക് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ ഇതിഹാസമായ ലൂക്ക മോഡ്രിച്ച് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. ഇന്ത്യയുടെ ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ചാണ് വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്.ലൂക്ക മോഡ്രിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഹെലോ സുനിൽ.. നിങ്ങളുടെ രാജ്യത്തോടൊപ്പമുള്ള അവസാന മത്സരത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ കരിയറിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.ഫുട്ബോൾ എന്ന ഗെയിമിലെ ഒരു ഇതിഹാസം തന്നെയാണ് നിങ്ങൾ. നിങ്ങളുടെ അവസാനത്തെ മത്സരം നിങ്ങളുടെ സഹതാരങ്ങൾ മറക്കാനാവാത്ത, സ്പെഷ്യലായിട്ടുള്ള ഒരു ഓർമ്മയാക്കി തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ക്രൊയേഷ്യയിൽ നിന്നും നിങ്ങൾക്ക് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു ” ഇതാണ് ലൂക്ക മോഡ്രിച്ച് വീഡിയോയിലൂടെ പറഞ്ഞിട്ടുള്ളത്.
ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സുനിൽ ഛേത്രി.ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 150 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.അതിൽ നിന്ന് 94 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.