ബ്രസീലിന് വേണ്ടി ഒറ്റക്കാല് കൊണ്ട് കളിക്കാൻ പോലും നെയ്മർ റെഡി:സിൽവ

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ സമയമാണ്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടെ നെയ്മർക്ക് അതി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് ഏറെക്കാലമായി നെയ്മർ പുറത്താണ്. ഇത്തവണത്തെ കോപ്പ അമേരിക്കയിലും പങ്കെടുക്കാൻ നെയ്മർക്ക് കഴിയില്ല. കരിയറിൽ ഇതുവരെ കോപ്പ അമേരിക്കയോ വേൾഡ് കപ്പോ നേടാൻ കഴിയാത്ത താരമാണ് നെയ്മർ ജൂനിയർ.

എന്നാൽ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താരത്തിന്റെ സഹതാരമായിരുന്ന തിയാഗോ സിൽവ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് ബ്രസീൽ ദേശീയ ടീമിന് വേണ്ടി ഏതറ്റം വരെ പോകാനും നെയ്മർ ജൂനിയർ തയ്യാറാണ് എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്. സ്വയം തെളിയിക്കാൻ വേണ്ടി നെയ്മർ അടുത്ത വേൾഡ് കപ്പ് നേടാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിൽവ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീൽ ദേശീയ ടീമിന് വേണ്ടി ഒറ്റക്കാല് കൊണ്ട് കളിക്കാൻ പോലും നെയ്മർ ജൂനിയർ തയ്യാറാണ്.അദ്ദേഹത്തിന്റെ ആത്മാർത്ഥതയുടെ കാര്യത്തിൽ യാതൊരുവിധ സംശയങ്ങൾക്കും സ്ഥാനമില്ല. പക്ഷേ ഒരു കിരീടം നേടാനുള്ള സമ്മർദം അദ്ദേഹത്തിനുമേൽ വർദ്ധിച്ചുവരികയാണ്.അടുത്ത വേൾഡ് കപ്പ് അദ്ദേഹം ബ്രസീലിനൊപ്പം നേടണം എന്നാണ് ഞാൻ അതിയായി ആഗ്രഹിക്കുന്നത്. മറ്റൊരാൾക്ക് വേണ്ടി പ്രൂവ് ചെയ്യാനല്ല ഞാൻ ആഗ്രഹിക്കുന്നത്. മറിച്ച് ഇതൊക്കെ തനിക്ക് കഴിയുമെന്ന് നെയ്മർ സ്വയം പ്രൂവ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നെയ്മർ ചെയ്യുന്ന കാര്യങ്ങൾ വളരെ എളുപ്പമുള്ളതാണ് എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ അതൊരിക്കലും അങ്ങനെയല്ല ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.

അടുത്ത സീസണിൽ നെയ്മർ ജൂനിയർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു വർഷത്തെ കരാർ കൂടിയാണ് ഇപ്പോൾ അദ്ദേഹത്തിന് അൽ ഹിലാലുമായി അവശേഷിക്കുന്നത്.അതിനുശേഷം അദ്ദേഹം യൂറോപ്പിലേക്ക് തിരിച്ചെത്തുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. 2026 വേൾഡ് കപ്പിന് മുന്നേ അദ്ദേഹം യൂറോപ്പിലേക്ക് തിരിച്ചുവരണം എന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *