വെളുത്ത വർഗ്ഗക്കാർ കളിക്കുന്നതാണ് ഇഷ്ടമെന്ന സർവ്വേ റിപ്പോർട്ട്, രൂക്ഷ വിമർശനവുമായി കിമ്മിച്ച്!
വരുന്ന ജൂൺ പതിനാലാം തീയതിയാണ് ഇത്തവണത്തെ യൂറോ കപ്പിന് തുടക്കം ആവുക. ജർമ്മനിയിൽ വെച്ചുകൊണ്ടാണ് യുറോ കപ്പ് അരങ്ങേറുന്നത്. ഈ ടൂർണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആതിഥേയരായ ജർമ്മനി ആരംഭിച്ചിട്ടുണ്ട്.സമീപകാലത്ത് മോശം പ്രകടനമാണ് ജർമ്മനി നടത്തുന്നതെങ്കിൽ സ്വന്തം നാട്ടിൽ വച്ച് നടക്കുന്ന ഈ ടൂർണമെന്റിൽ തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവരുടെ ആരാധകരുള്ളത്.
ഡോക്യുമെന്ററിയുടെ ഭാഗമായി കൊണ്ട് ജർമനിയിൽ ഒരു സർവ്വേ നടത്തപ്പെട്ടിരുന്നു.1304 ആളുകളായിരുന്നു ഈ സർവ്വേയിൽ ഭാഗമായിരുന്നത്. അതിൽ തികച്ചും വംശീയമായ ഒരു സർവ്വേ ഉണ്ടായിരുന്നു. അതായത് ഈ ആളുകളിൽ 21% ആളുകളും ജർമൻ ദേശീയ ടീമിൽ വെളുത്ത വർഗ്ഗക്കാർ കളിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. 21 ശതമാനം ആളുകൾക്ക് കറുത്ത വർഗ്ഗക്കാർ ജർമൻ ടീമിൽ കളിക്കുന്നതിൽ താല്പര്യമില്ല. ഈ റിപ്പോർട്ട് പുറത്തുവന്നതോടുകൂടി വലിയ വിവാദങ്ങൾ സംഭവിച്ചിട്ടുണ്ട്. ജർമ്മനിയുടെ സൂപ്പർതാരമായ ജോഷുവ കിമ്മിച്ച് ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫുട്ബോളുമായി ബന്ധപ്പെട്ടുകൊണ്ട് വളർന്ന ഏതൊരു വ്യക്തിക്കും അറിയാം ഇത് തികച്ചും വിഡ്ഢിത്തമാണ് എന്നത്. വ്യത്യസ്ത രാജ്യങ്ങളെ, വ്യത്യസ്ത വർഗ്ഗങ്ങളെയും മതങ്ങളെയും ഒന്നിപ്പിക്കുന്ന കാര്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫുട്ബോൾ.ഇത് തികച്ചും റേസിസമാണ്.ഫുട്ബോളിൽ ഇതിന് യാതൊരുവിധ സ്ഥാനവുമില്ല. നമ്മൾ യൂറോകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന തികച്ചും അസംബന്ധമായ ചോദ്യമാണ് സംഭവിച്ചിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ ഒരുമിച്ച് നിൽക്കും ” ഇതാണ് കിമ്മിച്ച് പറഞ്ഞിട്ടുള്ളത്.
സർവ്വേയിൽ ഈ വംശീയപരമായ ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. 21 ശതമാനം ആളുകൾ ഫുട്ബോളിലും വംശീയമായി വേർതിരിവുകൾ കാണിക്കുന്നു എന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ജർമ്മനിയിൽ ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.