ഇതിനേക്കാൾ മികച്ചതൊന്നില്ല: അവസാന മത്സരത്തെക്കുറിച്ച് റ്യൂസ്
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു ഫൈനൽ മത്സരം നടക്കുക. ലണ്ടനിലെ വെമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ കലാശ പോരാട്ടം അരങ്ങേറുക.ബൊറൂസിയ ഡോർട്മുണ്ട് ഇതിഹാസമായ മാർക്കോ റ്യൂസ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന അവസാനത്തെ മത്സരം കൂടിയാണ് ഇത്.
കഴിഞ്ഞ 12 വർഷക്കാലം ബൊറൂസിയക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടും അദ്ദേഹം ഈ ക്ലബ്ബിൽ തന്നെ തുടരുകയായിരുന്നു.ഇപ്പോൾ താരം ക്ലബ്ബ് വിടുകയാണ്.ചാമ്പ്യൻസ് ലീഗ് ഫൈനലാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരമായി വരുന്നത്.ഇതിനേക്കാൾ മികച്ച ഒരു മത്സരം വിടവാങ്ങൽ മത്സരമായി കൊണ്ട് ലഭിക്കാനില്ല എന്നാണ് ഇതേ കുറിച്ച് റ്യൂസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരമാണ് ക്ലബ്ബിന് വേണ്ടി അവസാനമായി കളിക്കുന്ന മത്സരം.ഇതിനേക്കാൾ മികച്ച ഒരു വിടവാങ്ങൽ മത്സരം ഉണ്ടാവില്ല. മാത്രമല്ല ഈ കിരീടം കൂടി നേടേണ്ടതുണ്ട്.2013ൽ വെമ്പ്ലിയിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലോടുകൂടിയാണ് ഞാൻ ആരംഭിച്ചത്.അതിന് സമാനമായ രീതിയിൽ അത് അവസാനിക്കുകയും ചെയ്യുന്നു. 11 വർഷം മുമ്പ് നടന്ന ഫൈനൽ തികച്ചും വ്യത്യസ്തമായിരുന്നു.ഞങ്ങളുടെ മുന്നിലുള്ള ഏകലക്ഷ്യം കിരീടം നേടുക എന്നുള്ളത് മാത്രമാണ്. അതിനുവേണ്ടി പരമാവധി ശ്രമിക്കും ” ഇതാണ് റ്യൂസ് പറഞ്ഞിട്ടുള്ളത്.
സ്വന്തം മൈതാനത്ത് വെച്ച് നടന്ന അവസാന മത്സരത്തിൽ വികാരഭരിതമായ ഒരു യാത്രയയപ്പ് താരത്തിന് ആരാധകർ നൽകിയിരുന്നു. അദ്ദേഹം അമേരിക്കൻ ലീഗിലേക്ക് പോകും എന്നാണ് റൂമറുകൾ. താരത്തെ കൊണ്ടുവരാൻ വേണ്ടി അമേരിക്കൻ ക്ലബ്ബായ സെന്റ് ലൂയിസ് സിറ്റി ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുണ്ട്.