ഞാൻ റെക്കോർഡുകളെ പിന്തുടരാറില്ല, റെക്കോർഡുകൾ എന്നെയാണ് പിന്തുടരാറുള്ളത്:ക്രിസ്റ്റ്യാനോ
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന അവസാന മത്സരത്തിൽ ഗംഭീര വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. കരുത്തരായ അൽ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നസ്ർ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. മത്സരത്തിൽ രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്.
ഇതോടുകൂടി റൊണാൾഡോ ഒരു പുതിയ ചരിത്രം കുറിച്ചിരുന്നു. സൗദി അറേബ്യൻ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് 39കാരനായ റൊണാൾഡോ സ്വന്തമാക്കി. ഇന്നലത്തെ ഇരട്ട ഗോളോട് കൂടി 35 ലീഗ് ഗോളുകളാണ് റൊണാൾഡോ പൂർത്തിയാക്കിയിട്ടുള്ളത്. ഇതിനു മുൻപ് ആർക്കും തന്നെ ഒരു സീസണിൽ സൗദിയിൽ ഇത്രയധികം ഗോളുകൾ ലീഗിൽ നേടാൻ കഴിഞ്ഞിട്ടില്ല.
31 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഈ റെക്കോർഡ് വേട്ടക്ക് പിന്നാലെ തന്റെ സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. തന്റെ റെക്കോർഡ് നേടിയതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്,ഞാൻ റെക്കോർഡുകളെ പിന്തുടരാറില്ല, റെക്കോർഡുകൾ തന്നെയാണ് പിന്തുടരാറുള്ളത് എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചിട്ടുള്ളത്.
താരത്തിന് പ്രശംസകൾ നൽകിക്കൊണ്ടുള്ള ഒരുപാട് കമന്റുകൾ സജീവമാണ്. അതിലൊന്ന് സാഞ്ചോയുടേതാണ്.GOAT എന്നാണ് സാഞ്ചോ റൊണാൾഡോയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഏതായാലും റൊണാൾഡോ ഈ പ്രായത്തിലും മികവ് തുടരുകയാണ്.