നീ ക്ലബ്ബിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്,ആ ബെല്ലിങ്ങ്ഹാമിനെയും കെയ്നിനെയും കണ്ടു പഠിക്ക്: എംബപ്പേയോട് നാസർ അൽ ഖലീഫി
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്കാണ് അദ്ദേഹം പോകുന്നത്. ഇക്കാര്യത്തിൽ ഇനി ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. താരം ഫ്രീ ഏജന്റായി കൊണ്ടാണ് പിഎസ്ജി വിട്ടിരിക്കുന്നത്. സാമ്പത്തികപരമായി പിഎസ്ജിക്ക് വളരെയധികം ക്ഷീണം ചെയ്യുന്ന കാര്യമാണ്.
താരത്തെ സ്വന്തമാക്കാൻ വേണ്ടി 180 മില്യൺ യൂറോയോളം പിഎസ്ജി ചിലവഴിച്ചിരുന്നു. താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുന്നതിൽ പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ കടുത്ത ദേഷ്യത്തിലാണ്. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്കുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആ വാഗ്വാദത്തിനിടെ ഖലീഫി എംബപ്പേയോട് പറഞ്ഞ വാക്കുകൾ എൽ എക്കുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഇങ്ങനെയാണ്.

“നീ ഇങ്ങനെ ചെയ്യാൻ പാടില്ല. നീ ഇപ്പോൾ ക്ലബ്ബിന് വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.നീ ഒരിക്കലും ഫ്രീയായി കൊണ്ട് പോകാൻ പാടില്ല.നീ ഫ്രീയായി കൊണ്ട് പോകുന്നത് ഞങ്ങളുടെ കടുത്ത എതിരാളികളുടെ കരുത്ത് വർദ്ധിപ്പിക്കാനാണ്.ബെല്ലിങ്ങ്ഹാം,കെയ്ൻ എന്നിവരെപ്പോലെയുള്ള എല്ലാ വലിയ താരങ്ങളും തങ്ങളുടെ ക്ലബ്ബുകൾക്ക് പണം നേടിക്കൊടുത്തുകൊണ്ടാണ് ക്ലബ്ബ് വിടുന്നത്.നീ റയലിലേക്ക് പോകുന്നതിലൂടെ സൂപ്പർ ലീഗിന് നിയമസാധുത നൽകുകയാണ് ചെയ്യുന്നത് ” ഇതാണ് പിഎസ്ജി പ്രസിഡന്റ് എംബപ്പേയോട് പറഞ്ഞിട്ടുള്ളത്.
ഏതായാലും എംബപ്പേ ക്ലബ് വിടുന്നതിൽ ഖലീഫി കടുത്ത നിരാശനാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഫൈനൽ മത്സരത്തിൽ വിജയിച്ചു കൊണ്ട് പിഎസ്ജി കോപ ഡി ഫ്രാൻസ് സ്വന്തമാക്കിയിരുന്നു.ഇനി എംബപ്പേയെ യൂറോ കപ്പിലാണ് കാണാൻ കഴിയുക.