കോപ അമേരിക്കക്ക് വേണ്ടി കാത്തിരുന്നില്ല, നവാസ് വിരമിച്ചു!

അടുത്ത മാസം അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണ്ണമെന്റിന് തുടക്കമാകുന്നത്. ഈ ടൂർണമെന്റിന് യോഗ്യത കരസ്ഥമാക്കാൻ കോസ്റ്റാറിക്കക്ക് സാധിച്ചിരുന്നു. എന്നാൽ കോസ്റ്റാറിക്കയുടെ ഗോൾ വല കാക്കാൻ അവരുടെ ഇതിഹാസ ഗോൾകീപ്പറായ കെയ്‌ലർ നവാസ് ഉണ്ടാവില്ല.അദ്ദേഹം ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

37 കാരനായ താരം ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു.സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാർച്ച് മാസത്തിൽ അർജന്റീനക്കെതിരെ ഒരു സൗഹൃദ മത്സരം കോസ്റ്റാറിക്ക കളിച്ചിരുന്നു. അതാണ് നവാസിന്റെ അവസാനത്തെ മത്സരം.വിരമിക്കലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” എന്റെ ജീവിതത്തിലെ ഈ അധ്യായത്തിന് വിരാമമായിരിക്കുന്നു. ഒരുപാട് നന്ദിയോടെയും കൃതാർത്ഥതയോടെയുമാണ് ഞാൻ ഇവിടെ നിന്നും പടിയിറങ്ങുന്നത്. ഞാൻ എപ്പോഴും കോസ്റ്റാറിക്ക എന്ന നാമത്തെ നെഞ്ചിലേറ്റിയിരുന്നു. അംഗീകരിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ് ഇത്. പക്ഷേ പടിയിറങ്ങിയേ മതിയാകൂ. ഞാൻ ഗുഡ് ബൈ പറയുന്നില്ല. ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്ക് വീണ്ടും കണ്ടുമുട്ടാം ” ഇതാണ് കോസ്റ്റാറിക്കൻ ആരാധകരോട് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ അദ്ദേഹം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.ഇപ്പോൾ ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം ക്ലബ്ബിനോടും വിട പറഞ്ഞിട്ടുണ്ട്. പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് താരം ഇപ്പോൾ ഉള്ളത്.കോസ്റ്റാറിക്കൻ ദേശീയ ടീമിന് വേണ്ടി 2008ൽ അരങ്ങേറിയ ഇദ്ദേഹം 114 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ബ്രസീൽ വേൾഡ് കപ്പിൽ നടത്തിയ തകർപ്പൻ പ്രകടനത്തോടുകൂടിയാണ് ഫുട്ബോൾ ലോകം ഇദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *