എംബപ്പേ വരുമ്പോൾ റയലിൽ മാറ്റം,ബാധിക്കുക ബെല്ലിങ്ങ്ഹാമിനെ!

റയൽ മാഡ്രിഡിലെ തന്റെ അരങ്ങേറ്റ സീസണായ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർതാരം ബെല്ലിങ്ങ്ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. ആകെ 40 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ഈ സീസണിലെ കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ മിന്നും പ്രകടനത്തിന് പിറകിൽ മറ്റൊരു കാരണം കൂടിയുണ്ട്.

അതായത് നിലവിൽ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലാണ് ബെല്ലിങ്ങ്ഹാം ഉള്ളത്. പക്ഷേ റയൽ മാഡ്രിഡിൽ ഒരു പ്രോപ്പർ നമ്പർ നയൻ സ്ട്രൈക്കർ ഇല്ലാത്തതുകൊണ്ട് തന്നെ ബെല്ലിങ്ങ്ഹാമിന് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.ഇരു വിങ്ങുകളിലായി വിനിയും റോഡ്രിഗോയും ഉണ്ടാകുമ്പോൾ സെന്ററിൽ ബെല്ലിങ്ങ്ഹാമായിരുന്നു ഉണ്ടായിരുന്നത്. ചുരുക്കത്തിൽ ഒരു സ്ട്രൈക്കറുടെ സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെയാണ് ഇത്രയും ഗോളുകളും അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുള്ളത്.

പക്ഷേ അടുത്ത സീസണിൽ ഇതിൽ മാറ്റം വരും. എന്തെന്നാൽ കിലിയൻ എംബപ്പേ വരികയാണ്.എംബപ്പേക്കൊപ്പം വിനിയേയും റോഡ്രിഗോയേയും കളിപ്പിക്കാൻ തന്നെയാണ് പരിശീലകനായ ആഞ്ചലോട്ടിയുടെ പദ്ധതി. പകരം ബെല്ലിങ്ങ്ഹാം പുറകിലേക്ക് ഇറങ്ങേണ്ടിവരും. അദ്ദേഹത്തിന്റെ സ്വാഭാവികമായ പൊസിഷനായ സെൻട്രൽ മിഡ്‌ഫീൽഡർ റോളിലായിരിക്കും അദ്ദേഹം അടുത്ത സീസണിൽ കളിക്കുക. അതിനർത്ഥം ഈ സീസണിൽ ലഭിച്ചത് പോലെ ഗോളുകളും അസിസ്റ്റുകളും ലഭിക്കാൻ സാധ്യത കുറവായിരിക്കും.

പക്ഷേ അദ്ദേഹം മത്സരത്തിൽ ഉണ്ടാക്കുന്ന ഇമ്പാക്റ്റിൽ കുറവൊന്നും ഉണ്ടാവില്ല. മധ്യനിരയിൽ അദ്ദേഹത്തിന് കൂടുതൽ ഫ്രീഡം ലഭിക്കുക തന്നെ ചെയ്യും. അത് ഉപയോഗപ്പെടുത്തി മികച്ച പ്രകടനം അദ്ദേഹം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.എംബപ്പേയും എൻഡ്രിക്കും വരുന്നതോടുകൂടി റയൽ മാഡ്രിഡ് സൂപ്പർ താരങ്ങളാൽ സമ്പന്നമാകും. ഇത് കൃത്യമായി ഉപയോഗപ്പെടുത്തുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *