എംബാപ്പെ, ഹാലണ്ട്, കാമവിങ്ക. അണിയറയിൽ റയലിന്റെ വമ്പൻ ട്രാൻസ്ഫർ പദ്ധതികൾ!

ഈ സീസണിൽ റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് മേജർ സൈനിംഗുകൾ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ഫ്ളോറെന്റീന പെരെസ് മുന്നേ തന്നെ അറിയിച്ചതാണ്. കൂടാതെ പരിശീലകൻ സിദാനും അടുത്ത സീസണിലേക്ക് നിലവിലെ സ്‌ക്വാഡ് തന്നെ മതിയെന്ന് അറിയിച്ചിരുന്നു. എന്നാൽ വരുന്ന സമ്മർ ട്രാൻസ്ഫറുകളിൽ റയൽ മാഡ്രിഡ്‌ പണമെറിയുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു എന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. സ്പാനിഷ് മാധ്യമമായ എഎസ്സിന്റെ റിപ്പോർട്ട്‌ ഏറ്റുപിടിച്ചാണ് മാധ്യമങ്ങൾ ഇത് വാർത്താക്കിയിരിക്കുന്നത്. പ്രധാനമായും മൂന്ന് സൈനിംഗുകൾ ആണ് അടുത്ത ട്രാൻസ്ഫറുകളിൽ റയൽ ലക്ഷ്യം വെക്കുന്നത്. പിഎസ്ജിയുടെ എംബാപ്പെ, ബൊറൂസിയയുടെ ഹാലണ്ട്, റെന്നസിന്റെ കാമവിങ്ക എന്നിവരാണ് റയലിന്റെ പ്രധാനലക്ഷ്യങ്ങൾ. ഒരുപക്ഷെ ഈ സീസണിൽ തന്നെ മൊണോക്കോയുടെ ബാടിയശൈലിനെയും റയൽ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കുമെന്നും എഎസ്സ് അറിയിക്കുന്നു.

കിലിയൻ എംബാപ്പെ – 2021 : റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് എംബാപ്പെ എന്നുള്ളത് പരസ്യമായ രഹസ്യമാണ്. അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ റാഞ്ചാനുള്ള എല്ലാ നീക്കങ്ങളും റയൽ മാഡ്രിഡ്‌ ഇപ്പോഴേ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. 2022 വരെ താരത്തിന് പിഎസ്ജിയിൽ കരാറുണ്ടെങ്കിലും അടുത്ത വർഷത്തെ സമ്മർ ട്രാൻസ്ഫറിൽ താരം റയലിൽ എത്താനാണ് സാധ്യത. തന്റെ ലക്ഷ്യം റയൽ ആണെന്ന് ഒട്ടേറെ തവണ എംബാപ്പെ വ്യക്തമാക്കിയതാണ്. ഈയിടെയായി മൂന്നോളം വ്യത്യസ്ഥ ഓഫറുകളുമായി കരാർ പുതുക്കാൻ വേണ്ടി പിഎസ്ജി എംബാപ്പെയെ സമീപിച്ചെങ്കിലും താരം അത് നിരസിച്ചു എന്നുള്ളത് ഇതിനുള്ള ഏറ്റവും വലിയ തെളിവാണ്.

എർലിങ് ഹാലണ്ട് : 2022- ലെ ട്രാൻസ്ഫർ വിൻഡോയിലെ റയലിന്റെ പ്രധാനലക്ഷ്യം ഹാലണ്ട് എന്നാണ് എഎസ്സ് അറിയിക്കുന്നത്. അന്നെ വർഷമാണ് ബെൻസിമ കരാർ അവസാനിക്കുന്നത്. താരത്തിന്റെ പകരക്കാരൻ എന്ന നിലക്കാണ് ഹാലണ്ടിനെ റയൽ ഉദ്ദേശിക്കുന്നത്. 20 മില്യൺ യുറോക്ക് സാൽസ്ബർഗിൽ നിന്നും ബൊറൂസിയയിൽ എത്തിയ ഈ പത്തൊൻപത്കാരൻ മിന്നും ഫോമിലാണ്. താരത്തിന് ടീം വിടാൻ അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ. 75 മില്യണിന് മുകളിൽ തുക ആവിശ്യപ്പെടുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞതാണ്.

കാമവിങ്ക – 2021-ലെ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ക്ലബിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിലൊരാൾ കാമവിങ്കയാണ്. റെന്നസിന്റെ മധ്യനിര താരമായ ഈ പതിനേഴുകാരൻ യൂറോപ്പിലെ ഒട്ടുമിക്ക ക്ലബുകളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഈ സീസണിൽ തന്നെ റയൽ എത്തിക്കാൻ നോക്കിയിരുന്നുവെങ്കിലും കോവിഡ് കാരണം താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. അതോടെ താരം റയലിനായി കാത്തിരിക്കില്ല എന്നും പിഎസ്ജി, ബയേൺ എന്നീ ക്ലബുകളിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോർട്ടുകൾ വന്നുവെങ്കിലും താരം കാത്തിരിക്കുന്നമെന്ന് പുതുതായി അറിയാൻ കഴിയുന്നത്. 80 മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി ലഭിക്കണം എന്ന നിലപാടിലാണ് റെന്നസ്.

Leave a Reply

Your email address will not be published. Required fields are marked *