എംബപ്പേയെ വെട്ടി,പുതിയ ജേഴ്‌സി പുറത്തിറക്കി പിഎസ്ജി!

ഈ സീസണിൽ മികച്ച പ്രകടനമാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പുറത്തെടുത്തിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് സെമിയിൽ ബൊറൂസിയയോട് പരാജയപ്പെട്ട് പുറത്തായത് അവർക്ക് നിരാശ നൽകുന്ന കാര്യമാണ്. എന്നിരുന്നാലും ഈ സീസണിൽ രണ്ട് കിരീടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്.മറ്റൊരു ഫൈനലിൽ അവർ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് കിരീടം എന്നത് അവർക്ക് ഇപ്പോഴും സ്വപ്നമായി കൊണ്ട് അവശേഷിക്കുകയാണ്. ഏതായാലും അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ പിഎസ്ജി ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്‌സി ഇപ്പോൾ പിഎസ്ജി പുറത്തിറക്കി കഴിഞ്ഞിട്ടുണ്ട്. ഒരു വീഡിയോയിലൂടെയാണ് അവർ അടുത്ത സീസണിലേക്കുള്ള കിറ്റ് അവതരിപ്പിച്ചിട്ടുള്ളത്.പിഎസ്ജിയുടെ സൂപ്പർതാരങ്ങളെ അവർ ആ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ആ വീഡിയോയിൽ ഇല്ല.

എംബപ്പേയെ വെട്ടിയതോടെ കാര്യങ്ങൾ വളരെ വ്യക്തമാണ്. അടുത്ത സീസണിൽ എംബപ്പേ പിഎസ്ജിക്കൊപ്പം ഉണ്ടാവില്ല. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോവുകയാണ് എന്നുള്ളത് ഇപ്പോൾ ഉറപ്പായി കഴിഞ്ഞു. ജൂൺ മാസത്തിൽ അദ്ദേഹം പിഎസ്ജി വിടുമെന്നും പിന്നീട് റയൽ മാഡ്രിഡ് എന്ന പുതിയ അധ്യായത്തിന് വേണ്ടി തയ്യാറെടുക്കുമെന്നും ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ മാർക്കിഞ്ഞോസ്,നുനോ മെന്റസ്,വീറ്റിഞ്ഞ,ലുകാസ് ഹെർണാണ്ടസ്,വാറൻ സെയ്റെ എമരി എന്നിവരൊക്കെ ഈ വീഡിയോയിലുണ്ട്. ഏതായാലും എംബപ്പേയുടെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ഇതോടെ ലഭിച്ചിരിക്കുകയാണ്.ഈ സീസണിൽ ആകെ നാല്പതിൽ പരം ഗോളുകൾ ക്ലബ്ബിനുവേണ്ടി നേടിയ താരമാണ് എംബപ്പേ. അദ്ദേഹം ക്ലബ്ബ് വിടുന്നതിലൂടെ നികത്താനാവാത്ത ഒരു നഷ്ടമായിരിക്കും പിഎസ്ജിക്ക് സമ്മാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *