യാൻ കൂട്ടോ എങ്ങോട്ട്? സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ!

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ജിറോണക്ക് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ യാൻ കൂട്ടോ പുറത്തെടുത്തിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഇദ്ദേഹം ലോൺ അടിസ്ഥാനത്തിലാണ് ജിറോണക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം ഈ സീസണിൽ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പല വമ്പൻ ക്ലബ്ബുകളും അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

ബുണ്ടസ് ലിഗ ജേതാക്കളായ ബയേർ ലെവർകൂസനാണ് ഇതിലെ ഒരു ക്ലബ്ബ്. അവരുടെ റൈറ്റ് ബാക്കായ ജെറമി ഫ്രിംപോങ് ഈ സീസണിന് ശേഷം ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.മിന്നും പ്രകടനം നടത്തുന്ന താരത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും രംഗത്തുണ്ട്.ഫ്രിംപോങ് ക്ലബ്ബ് വിട്ടാൽ കൂട്ടോയെ എത്തിക്കാനാണ് സാബി അലോൺസോ താല്പര്യപ്പെടുന്നത്. അതേസമയം ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനും ഈ 21കാരനായ താരത്തിൽ താല്പര്യമുണ്ട്. കൂടാതെ റയൽ മാഡ്രിഡും മറ്റു ചില പ്രീമിയർ ലീഗ് ക്ലബ്ബുകളും ഇദ്ദേഹത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി ഇദ്ദേഹത്തെ കൈവിടുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്. നിലവിൽ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു താരത്തെ പരിശീലകനായ പെപ് ഗാർഡിയോളക്ക് ആവശ്യമുണ്ട്. പക്ഷേ യാൻ കൂട്ടോ സിറ്റിയിൽ തുടരാൻ താല്പര്യപ്പെടുന്നില്ല.കെയ്ൽ വാക്കർ ഉള്ളതുകൊണ്ടുതന്നെ അവിടെ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കില്ല. സ്ഥിരമായി അവസരം ലഭിക്കുന്ന മറ്റ് ഏതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് കൂട്ടോ താല്പര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി നിർബന്ധിതരായേക്കും.

നേരത്തെ ബ്രസീലിയൻ ദേശീയ ടീമിൽ ഇടം നേടിയിട്ടുള്ള താരമാണ് യാൻ കൂട്ടോ. താരത്തിന് വേണ്ടി ക്ലബ്ബുകൾ 40 മില്യൺ പൗണ്ടെങ്കിലും ചിലവഴിക്കേണ്ടി വന്നേക്കും. ലാലിഗയിൽ 32 മത്സരങ്ങൾ ഈ പ്രതിരോധനിരതാരം കളിച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു ഗോളും എട്ട് അസിസ്റ്റുകളും ആണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് യാൻ കൂട്ടോ.

Leave a Reply

Your email address will not be published. Required fields are marked *