ബ്രസീലിയൻ ടീമിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ:ടാലിസ്ക്ക പറയുന്നു!
പതിവ് പോലെ തകർപ്പൻ പ്രകടനമാണ് ഈ സീസണിലും സൗദി അറേബ്യൻ ക്ലബ് ആയ അൽ നസ്റിന് വേണ്ടി ബ്രസീലിയൻ താരമായ ആന്റേഴ്സൺ ടാലിസ്ക്ക നടത്തുന്നത്. സൗദി ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.പക്ഷേ പരിക്ക് ഇത്തവണ വലിയ വെല്ലുവിളി അദ്ദേഹത്തിന് സൃഷ്ടിച്ചിട്ടുണ്ട്.പരിക്ക് കാരണം ഈ സീസണിൽ ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.
കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള സ്ക്വാഡ് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ ഉടൻതന്നെ പ്രഖ്യാപിക്കും. ഒരു മികച്ച സ്ട്രൈക്കറുടെ അഭാവം ബ്രസീലിനെ സമീപകാലത്ത് വളരെയധികം അലട്ടിയിരുന്നു. സ്ട്രൈക്കർ പൊസിഷനിലേക്ക് ബ്രസീൽ ടീം തന്നെ പരിഗണിക്കും എന്നുള്ള പ്രതീക്ഷയിലാണ് ടാലിസ്ക്കയുള്ളത്. കൂടാതെ സൗദി ലീഗിനെക്കുറിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചുമൊക്കെ ചില കാര്യങ്ങൾ ഈ ബ്രസീലിയൻ താരം പറഞ്ഞിട്ടുണ്ട്.ടാലിസ്ക്കയുടെ വാക്കുകൾ ഇങ്ങനെയാണ്.
Talisca:
— Al Nassr Zone (@TheNassrZone) May 8, 2024
“I hope to return and play for the Brazilian national team” pic.twitter.com/IHDAvhU5jR
” സൗദി ലീഗ് ഒരുപാട് വികസിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അതിന് സമയം പിടിക്കും എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടുകൂടി എല്ലാം മാറിമറിഞ്ഞു. വളരെ വേഗത്തിൽ സൗദി ഫുട്ബോൾ വികസിച്ചു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച 10 ലീഗുകളിൽ ഒന്ന് സൗദി അറേബ്യൻ ലീഗാണ്. ബ്രസീലിയൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്താനും കളിക്കാനും കഴിയുമെന്ന് ഞാൻ ഇപ്പോൾ പ്രതീക്ഷിക്കുന്നു “ഇതാണ് ടാലിസ്ക്ക പറഞ്ഞിട്ടുള്ളത്.
ബ്രസീലിന്റെ അണ്ടർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീമിന് വേണ്ടി കളിക്കാനുള്ള അവസരം ഈ സൂപ്പർതാരത്തിന് ലഭിച്ചിട്ടില്ല.വരുന്ന കോപ്പ അമേരിക്ക ടീമിലും ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്തെന്നാൽ നിലവിൽ എൻഡ്രിക്ക് മികച്ച പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രധാന സ്ട്രൈക്കറായിക്കൊണ്ട് എൻഡ്രിക്കിനെയാണ് ബ്രസീലും പരിശീലകനും പരിഗണിക്കുന്നത്.