ബെർണാബുവിൽ വീണ്ടും അത്ഭുതം പിറന്നു, റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ!
ഒരിക്കൽ കൂടി റയൽ മാഡ്രിഡ് അത്ഭുത തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.സാന്റിയാഗോ ബെർണാബുവിൽ ഒരിക്കൽ കൂടി അത്ഭുതം പിറന്നിരിക്കുന്നു. മത്സരത്തിന്റെ 88ആം മിനുട്ട് വരെ റയൽ മാഡ്രിഡ് ഒരു ഗോളിന് പുറകിലായിരുന്നു.എന്നാൽ പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ചുകൊണ്ട് റയൽ മാഡ്രിഡ് വിജയം കരസ്ഥമാക്കി.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബയേണിനെ പരാജയപ്പെടുത്തിയത്.ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബയേണിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ അൽഫോൺസോ ഡേവിസ് ഒരു തകർപ്പൻ ഷോട്ടിലൂടെ ബയേണിന് ലീഡ് നേടിക്കൊടുത്തു.
Real Madrid's unlikely hero: Joselu 🫡 pic.twitter.com/NLDPZmN6yC
— B/R Football (@brfootball) May 8, 2024
പക്ഷേ 88ആം മിനുട്ടിൽ ഹൊസേലു റയലിന് സമനില നേടിക്കൊടുക്കുകയായിരുന്നു.വിനിയുടെ ഷോട്ട് കൈപ്പിടിയിൽ ഒതുക്കാൻ ന്യൂയർക്ക് പിഴച്ചപ്പോൾ ഹൊസേലു അത് ഗോളാക്കി മാറ്റി. അവിടം കൊണ്ട് അവസാനിച്ചില്ല. അന്റോണിയോ റൂഡിഗറിന്റെ അസിസ്റ്റിൽ നിന്ന് ഹൊസേലു ഒരിക്കൽ കൂടി ഗോൾ നേടി.ഇതോടെ ബയേൺ തോൽവി സമ്മതിക്കുകയായിരുന്നു.
കലാശ പോരാട്ടത്തിൽ ഇനി റയൽ മാഡ്രിഡിന്റെ എതിരാളികൾ ബൊറൂസിയ ഡോർട്മുണ്ടാണ്.ജൂൺ രണ്ടാം തീയതിയാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക.