മിത്തിൽ വിശ്വസിക്കുന്നില്ല,റയലിന്റെ 14 കിരീടങ്ങൾ ഞങ്ങളെ ഭയപ്പെടുത്തുന്നില്ല:ടുഷേൽ
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ പാദ മത്സരത്തിൽ രണ്ട് ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് വീതം ഗോളുകൾ നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരഫലമാണ് വിജയികളെ തീരുമാനിക്കുക.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ക്ലബ്ബാണ് റയൽ മാഡ്രിഡ്. 14 തവണ അവർ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. എന്നാൽ റയലിന്റെ ചാമ്പ്യൻസ് ലീഗിലെ ഈ കണക്കുകൾ തങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നുള്ള കാര്യം ബയേൺ പരിശീലകനായ തോമസ് ടുഷേൽ വ്യക്തമാക്കിയിട്ടുണ്ട്.മിത്തിലൊന്നും വിശ്വസിക്കുകയോ അതേക്കുറിച്ച് സംസാരിക്കാൻ താല്പര്യപ്പെടുകയോ ചെയ്യുന്നില്ല എന്നാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Thomas Tuchel has faced Real Madrid 9 times and only lost once. Real Madrid have never been able to beat him at home; either at the Bernabéu or Di Stefano.
— Madrid Universal (@MadridUniversal) May 8, 2024
— @marca pic.twitter.com/9BEv1pG5FU
” ഞങ്ങൾ മിത്തിനെ കുറിച്ച് സംസാരിക്കാൻ താല്പര്യപ്പെടുന്നില്ല. വിജയിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള സ്റ്റേഡിയമാണ് സാന്റിയാഗോ ബെർണാബു എന്നുള്ള കാര്യം ഞങ്ങൾക്കറിയാം. പക്ഷേ അവിടെ വിജയിക്കൽ അസാധ്യമായ ഒന്നല്ല. ഞങ്ങൾക്ക് ഫസ്റ്റ് ലെഗ് വളരെ മികച്ചതായിരുന്നു.റയൽ മാഡ്രിഡിനെക്കാൾ മികച്ചത് ഞങ്ങൾ തന്നെയായിരുന്നു. നിർഭാഗ്യം കൊണ്ട് മാത്രമാണ് ഞങ്ങൾക്ക് വിജയിക്കാൻ കഴിയാതെ പോയത്. ഒരുപക്ഷേ ഈ മത്സരത്തിൽ റയലിന് 51 ശതമാനം വിജയസാധ്യത ഉണ്ടായിരിക്കാം.ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് അവർ.പക്ഷേ ഞങ്ങളും ലോകത്ത് ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ്. അതുകൊണ്ടാണ് ഈ മത്സരം സവിശേഷമാകുന്നത് ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡിനെതിരെ എപ്പോഴും മികച്ച കണക്കുകൾ അവകാശപ്പെടാൻ കഴിയുന്ന പരിശീലകനാണ് ടുഷേൽ. 9 മത്സരങ്ങളിൽ കേവലം ഒരെണ്ണത്തിൽ മാത്രമാണ് അദ്ദേഹം റയലിനോട് പരാജയപ്പെട്ടിട്ടുള്ളത്. അതേസമയം ആഞ്ചലോട്ടിക്ക് ബയേണിനെതിരെയും മികച്ച കണക്കുകൾ അവകാശപ്പെടാൻ ഉണ്ട്. 9 മത്സരങ്ങളിൽ ഒന്നിൽ പോലും അദ്ദേഹം ബയേണിനോട് പരാജയപ്പെട്ടിട്ടില്ല.