ടെൻ ഹാഗിനെ പരിശീലകനാക്കാൻ ബയേൺ മ്യൂണിക്ക്!

ഈ സീസണിൽ മോശം പ്രകടനമായിരുന്നു ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ക്ലബ്ബ് പരിശീലകനായ തോമസ് ടുഷെലിനെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഇക്കാര്യം അവർ അറിയിക്കുകയും ചെയ്തു.ഈ സീസൺ അവസാനിക്കുന്നതോടുകൂടി തോമസ് ടുഷേൽ ക്ലബ് വിടും എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ പോലും ഇതിൽ മാറ്റം ഉണ്ടാവില്ല എന്നത് ബയേൺ ഡയറക്ടർ അറിയിച്ചിരുന്നു.

ഏതായാലും ബയേണിന് ഒരു പുതിയ പരിശീലകനെ ആവശ്യമുണ്ട്.ബയേർ ലെവർകൂസന്റെ പരിശീലകനായ സാബി അലോൺസോയെയായിരുന്നു ഇവർ ആദ്യം സമീപിച്ചിരുന്നത്.അദ്ദേഹം നിരസിച്ചു കൊണ്ട് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു. പിന്നീട് നഗൽസ്മാനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹവും നോ പറഞ്ഞു. ഏറ്റവും ഒടുവിൽ റാൾഫ് റാഗ്നിക്കിന് വേണ്ടിയായിരുന്നു അവർ ശ്രമങ്ങൾ നടത്തിയിരുന്നത്.

പ്രൊജക്റ്റ് ഇഷ്ടപ്പെടാത്തത് കൊണ്ട് അദ്ദേഹവും നോ പറഞ്ഞു. അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ പരിശീലകന് വേണ്ടിയുള്ള അന്വേഷണം തുടർന്ന് കൊണ്ടിരിക്കുകയാണ്. നാലുപേരുടെ ഒരു ലിസ്റ്റ് അവർ തയ്യാറാക്കിയിട്ടുണ്ട്. അതിലൊരു പരിശീലകൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗാണ്. പ്രമുഖ ജേണലിസ്റ്റായ ക്രിസ്ത്യൻ ഫോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂലൻ ലോപേട്യൂഗി,ബെൻഫിക്കയുടെ റോജർ ഷിമിഡ്‌,ബ്രൈറ്റന്റെ റോബർട്ടോ ഡി സെർബി എന്നിവരാണ് മറ്റു മൂന്നു പരിശീലകർ.ഈ സീസണിന് ശേഷം ടെൻ ഹാഗിനെ യുണൈറ്റഡ് പുറത്താക്കാൻ സാധ്യതയുണ്ട്.അത് മുന്നിൽ കണ്ടുകൊണ്ടാണ് ബയേൺ ഈയൊരു തീരുമാനം എടുത്തിരിക്കുന്നത്.ടെൻഹാഗിന് കീഴിൽ യുണൈറ്റഡ് മോശം പ്രകടനമാണ് നടത്തുന്നത്. എന്നാൽ അയാക്സിലെ അദ്ദേഹത്തിന്റെ മികവ് പരിഗണിച്ചുകൊണ്ടാണ് ബയേൺ പരിശീലകനെ പരിഗണിക്കുന്നത്. എത്രയും വേഗത്തിൽ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ബയേൺ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *