ലീഡ്‌സ് തോറ്റു,പ്രീമിയർ ലീഗിൽ തിരിച്ചെത്തി ലെസ്റ്റർ സിറ്റി!

ഇന്നലെ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവിയാണ് ലീഡ്‌സ് യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലീഡ്‌സ് യുണൈറ്റഡിനെ QPR പരാജയപ്പെടുത്തിയത്. ഇത് ഗുണം ചെയ്തിരിക്കുന്നത് ലെസ്റ്റർ സിറ്റിക്കാണ്.എന്തെന്നാൽ അവർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരിച്ചെത്തിക്കഴിഞ്ഞു.

അതായത് 9 വർഷം തുടർച്ചയായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നവരാണ് ലെസ്റ്റർ സിറ്റി. എന്നാൽ കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് ലെസ്റ്റർ സിറ്റി നടത്തിയത്. പരിണിതഫലമായി കൊണ്ട് അവർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിലായിരുന്നു ലെസ്റ്റർ സിറ്റി കളിച്ചിരുന്നത്.എന്നാൽ തകർപ്പൻ പ്രകടനമാണ് ലെസ്റ്റർ സിറ്റി പുറത്തെടുത്തത്.

44 മത്സരങ്ങളിൽ 30 മത്സരങ്ങളിലും വിജയം നേടിക്കൊണ്ട് 94 പോയിന്റാണ് ലെസ്റ്റർ സിറ്റി കരസ്ഥമാക്കിയിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ് തോൽവി വഴങ്ങിയതോടെ ഒന്നാം സ്ഥാനവും കിരീടവും പ്രമോഷനും സ്വന്തമാക്കാൻ ലെസ്റ്റർ സിറ്റിക്ക് സാധിച്ചു.രണ്ടാം സ്ഥാനക്കാർക്കും പ്രീമിയർ ലീഗിലേക്ക് യോഗ്യത ലഭിക്കും. നിലവിൽ രണ്ടാം സ്ഥാനത്തിന് വേണ്ടി ലീഡ്‌സ് യുണൈറ്റഡും ഇപ്സ് വിച്ചും കടുത്ത പോരാട്ടം നടത്തുകയാണ്.

കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞു എന്നത് അവരുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അതേസമയം ഇത്തവണയും പ്രീമിയർ ലീഗിലെ റെലഗേഷൻ ബാറ്റിൽ മുറുകുകയാണ്.ലൂട്ടൻ,ബേൺലി,ഷെഫീൽഡ് യുണൈറ്റഡ് എന്നിവരാണ് അവസാന സ്ഥാനങ്ങളിൽ ഉള്ളത്. അതുപോലെതന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് റെലഗേഷൻ സോണിന്റെ തൊട്ട് മുകളിലാണ് ഉള്ളത്.ഈ നാല് ടീമുകളിൽ ഏതെങ്കിലും മൂന്ന് ടീമായിരിക്കും പ്രീമിയർ ലീഗിൽ നിന്ന് പുറത്തുപോവുക.

Leave a Reply

Your email address will not be published. Required fields are marked *