എംബപ്പേ എന്നെ CR7നെ ഓർമ്മിപ്പിക്കുന്നു: കാസമിറോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ദീർഘകാലം റയൽ മാഡ്രിഡിൽ കളിച്ച താരമാണ് കാസമിറോ. റയൽ മാഡ്രിഡിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങൾ അക്കാലയളവിൽ റയൽ മാഡ്രിഡ് സ്വന്തമാക്കി.പിന്നീട് രണ്ടുപേരും ക്ലബ്ബിനോട് വിട പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുവരും ഒരുമിച്ചിരുന്നു.നിലവിൽ റൊണാൾഡോ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ബാഴ്സലോണക്കെതിരെയുള്ള കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ട ഗോളുകൾ താരം നേടിയിരുന്നു.എംബപ്പേയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ കാസമിറോ പറഞ്ഞിട്ടുണ്ട്.എംബപ്പേ തന്നെ ഓർമിപ്പിക്കുന്നത് ക്രിസ്റ്റ്യാനോയെയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കാസമിറോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബപ്പേ.വളരെയധികം ബുദ്ധി വൈഭവമുള്ള,വളരെയധികം വേഗതയുള്ള താരമാണ് അദ്ദേഹം. അദ്ദേഹം എന്നെ ഓർമ്മിപ്പിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്.ഗോളടിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ അപകടകാരിയാണ്.റൊണാൾഡോയും അതുപോലെതന്നെയായിരുന്നു.നമ്മൾ ഒരിക്കലും പേടിക്കേണ്ട കാര്യമില്ല, എന്തെന്നാൽ റൊണാൾഡോ ഗോളടിച്ചിരിക്കും. അത്ര മികച്ച പ്രകടനം അല്ലെങ്കിൽ കൂടിയും റൊണാൾഡോ ഗോൾ നേടിയിരിക്കും. അതെ കാറ്റഗറിയിൽ വരുന്ന താരമാണ് എംബപ്പേ. ബാഴ്സക്കെതിരെ ആദ്യ പാദത്തിൽ ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.പക്ഷേ രണ്ടാം പാദത്തിൽ അദ്ദേഹം ഗോൾ നേടി. അതാണ് അദ്ദേഹത്തിന്റെ കഴിവ് ” കാസമിറോ പറഞ്ഞു.

ഈ സീസൺ അവസാനിച്ചതിനുശേഷം റയൽ മാഡ്രിഡിലേക്ക് പോകാൻ എംബപ്പേ തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പിഎസ്ജിയുടെ എതിരാളികൾ ബോറൂസിയ ഡോർട്മുണ്ടാണ്.പിഎസ്ജിക്ക് ഇതുവരെ ലഭിക്കാത്ത ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തുകൊണ്ട് പടിയിറങ്ങാൻ എംബപ്പേക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *