എനിക്ക് പറ്റിയ ബെസ്റ്റ് ക്ലബ്ബ് ഇതാണ് : നിലപാട് വ്യക്തമാക്കി സാബി അലോൺസോ

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സാബി അലോൺസോക്ക് കീഴിൽ ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസൻ പുറത്തെടുക്കുന്നത്. പരാജയം അറിയാതെ വലിയൊരു കുതിപ്പ് തന്നെ ഇപ്പോൾ അവർ നടത്തുന്നുണ്ട്.മാത്രമല്ല ജർമൻ ലീഗ് കീരീടത്തിലേക്ക് അവർ അതിവേഗം കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കിനെക്കാൾ 10 പോയിന്റിന്റെ ലീഡ് അവർക്കുണ്ട്.ലീഗിൽ ഒരു തോൽവി പോലും അവർക്ക് അറിയേണ്ടി വന്നിട്ടില്ല.

പരിശീലകൻ സാബി അലോൺസോയുടെ ഈ മികവ് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല ഈ സീസണിന് ശേഷം അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്, പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ എന്നിവരാണ് പ്രധാനമായും ഈ പരിശീലകന് വേണ്ടി ശ്രമിച്ചത്. എന്നാൽ തന്റെ നിലപാട് ഇപ്പോൾ അലോൺ സോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ബയേറിൽ തന്നെ തുടരും എന്നാണ് ഇപ്പോൾ ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ഭാവിയെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന ഒരു സീസണാണ് ഇത്. ഒരു തീരുമാനമെടുക്കാൻ ഞാൻ ഈ ഇന്റർനാഷണൽ ബ്രേക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.ഞാൻ ക്ലബ്ബിന്റെ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.ഈ ക്ലബ്ബിന്റെ പരിശീലകനായി തുടരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നുള്ള കാര്യം അവരെ ഞാൻ അറിയിച്ചിട്ടുണ്ട്.ഞാൻ ശരിയായ തീരുമാനമാണ് എടുത്തിട്ടുള്ളത്.സ്വാഭാവികമായ രീതിയിലുള്ള ഒരു തീരുമാനം മാത്രമാണ് ഇത്. ഒരു പരിശീലകൻ എന്ന നിലയിൽ ഡെവലപ്പ് ആവാൻ എനിക്ക് അനുയോജ്യമായ സ്ഥലം ഇതുതന്നെയാണ്. ഞാനൊരു യുവ പരിശീലകനാണ്.ശരിയായ സ്ഥലത്ത് തന്നെയാണ് ഞാൻ ഉള്ളത്. എനിക്ക് പറ്റിയ ബെസ്റ്റ് ക്ലബ് ഇതാണ് “സാബി പറഞ്ഞു.

ഇതോടെ ലിവർപൂളിന്റെയും ബയേണിന്റേയും മോഹം പൊലിയുകയാണ്. പക്ഷേ ഒന്ന് രണ്ട് സീസണുകൾക്ക് ശേഷം ഏതെങ്കിലും വമ്പൻ ക്ലബ്ബിൽ പരിശീലകനായി കൊണ്ട് സാബി ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കാർലോ ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡുമായുള്ള കോൺട്രാക്ട് അവസാനിച്ചു കഴിഞ്ഞാൽ പകരം സാബിയെ കൊണ്ടുവരണമെന്നാണ് റയൽ ആരാധകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *