പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബാഴ്സക്ക് ആശ്വാസം, സൂപ്പർ താരം തിരിച്ചെത്തി!
എഫ്സി ബാഴ്സലോണ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ പിഎസ്ജിയാണ് അവരുടെ എതിരാളികൾ. ഏപ്രിൽ 10ആം തീയതിയാണ് ആദ്യ പാദ മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് ഒരുങ്ങുന്ന ബാഴ്സയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. മധ്യനിരയിലെ സൂപ്പർ താരം പെഡ്രി ഇപ്പോൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്.പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുപോലെതന്നെ മറ്റൊരു സുപ്രധാന താരമായ ഡി യോങ്ങും ട്രെയിനിങ്ങ് ആരംഭിച്ചിട്ടുണ്ട്.പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹവും തിരിച്ചെത്താൻ ചെറിയ സാധ്യതകൾ അവശേഷിക്കുന്നുണ്ട്.
Pedri did a specific training session today. #fcblive 🤩🏃♂️ pic.twitter.com/xD2mJK6QXu
— BarçaTimes (@BarcaTimes) March 28, 2024
മാർച്ച് മൂന്നാം തീയതി ബിൽബാവോക്കെതിരെ നടന്ന മത്സരത്തിനിടയിൽ ആയിരുന്നു പെഡ്രിക്ക് പരിക്കേറ്റത്.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിരിക്കുന്നത്.21കാരനായ താരം ഇപ്പോൾ തനിച്ചാണ് പരിശീലനം നടത്തുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ടീമിനോടൊപ്പം അദ്ദേഹം ട്രെയിനിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. 2021 സീസണിൽ, കേവലം 18 വയസ്സ് മാത്രമുള്ള സമയത്ത് ഒരു റെക്കോർഡ് പെഡ്രി കുറിച്ചിരുന്നു. 73 മത്സരങ്ങളായിരുന്നു ആ സീസണിൽ പെഡ്രി കളിച്ചിരുന്നത്.
പക്ഷേ അതിനുശേഷം അദ്ദേഹത്തിന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.തുടർച്ചയായി പരിക്കുകൾ താരത്തെ അലട്ടി.അന്ന് അദ്ദേഹത്തെ നിരന്തരം ഉപയോഗിച്ചത് തെറ്റായി എന്നുള്ള വിമർശനങ്ങൾ ബാഴ്സലോണക്ക് തന്നെ കേൾക്കേണ്ടി വരുന്നുണ്ട്. 2021 മുതൽ 9 ഇഞ്ചുറികൾ ആകെ താരത്തിനെ പിടിപെട്ടു. 450 ദിവസങ്ങൾ അഥവാ 79 മത്സരങ്ങൾ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു.