അമിത ആവേശം വേണ്ട: ബ്രസീലിന് മുന്നറിയിപ്പുമായി ഡൊറിവാൽ ജൂനിയർ!

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായ ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു എന്നുള്ളത് ഡൊറിവാൽ ജൂനിയറെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്. കരുത്തരായ ഇംഗ്ലണ്ടിനെയാണ് ബ്രസീൽ പരാജയപ്പെടുത്തിയിട്ടുള്ളത്.എൻഡ്രിക്ക് നേടിയ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ബ്രസീൽ നടത്തിയത്. ഒരുപാട് പുതുമുഖ താരങ്ങൾക്ക് പരിശീലകൻ അവസരം നൽകുകയായിരുന്നു.

എന്നാൽ ഈ വിജയത്തിൽ അമിതമായ ആവേശം വേണ്ട എന്നുള്ള ഒരു മുന്നറിയിപ്പ് ഡൊറിവാൽ തന്നെ നടത്തിയിട്ടുണ്ട്. നമ്മൾ ശാന്തതയോടു കൂടി ഇരിക്കണം എന്നാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. വരുന്ന സ്പെയിനിനെതിരെയുള്ള മത്സരത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇവിടെ ടീമിനെ ചില ഉലച്ചിലുകൾ സംഭവിച്ചിരുന്നു.അത് ആരുടെയും കുറ്റമല്ല.സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ് അത്.അതിൽ നിന്നും കരകയറാൻ ആവശ്യമായ കോൺഫിഡൻസ് വീണ്ടെടുക്കുക എന്നതാണ് ഈ മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പക്ഷേ നമ്മൾ ഇവിടെ ശാന്തതയാണ് പാലിക്കേണ്ടത്.ഇപ്പോൾതന്നെ നമ്മൾ ആഘോഷിക്കുന്നതിൽ അർത്ഥമില്ല. മൂന്നുദിവസത്തിനുള്ളിൽ മറ്റൊരു സങ്കീർണമായ ബുദ്ധിമുട്ടേറിയ മത്സരം നമ്മെ കാത്തിരിക്കുന്നുണ്ട്.എതിരാളികൾക്ക് നമ്മെക്കാൾ ഒരു ദിവസം അധികം വിശ്രമം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ലൈനപ്പിന്റെ കാര്യത്തിൽ പുനർവിചിന്തനം നടത്തേണ്ടി വരും. ട്രെയിനിങ്ങിന് ശേഷമാണ് ബാക്കിയുള്ളതൊക്കെ തീരുമാനിക്കുക “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വരുന്ന ബുധനാഴ്ചയാണ് ബ്രസീലും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുക.രാത്രി ഇന്ത്യൻ സമയം രണ്ടു മണിക്കാണ് ഈ മത്സരം നടക്കുക.റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് പരാജയപ്പെട്ടുകൊണ്ടാണ് സ്പെയിൻ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *