ഞങ്ങൾ ബാഴ്സയാണ്, ഇവിടെ ആരും റിലാക്സ് ചെയ്യുന്നില്ല:ചാവി പറയുന്നു

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ റോബർട്ട് ലെവന്റോസ്ക്കിയാണ് തിളങ്ങിയിട്ടുള്ളത്. ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് അദ്ദേഹം നേടിയത്. ശേഷിച്ച ഗോളുകൾ ഫെലിക്സ്,ഫെർമിൻ ലോപസ് എന്നിവർ കരസ്ഥമാക്കുകയായിരുന്നു.

അത്ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനത്താണ് ഈ മാസ്മരിക വിജയം ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.ഈ വിജയത്തിനുശേഷം വളരെ ആവേശഭരിതനായി കൊണ്ടാണ് ബാഴ്സലോണയുടെ പരിശീലകനായ ചാവി സംസാരിച്ചിട്ടുള്ളത്. ഞങ്ങൾ ബാഴ്സയാണെന്നും ഇവിടെ ആരും റിലാക്സ് ചെയ്യുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ചാവിയുടെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇത് സമ്പൂർണ്ണമായ ഒരു മത്സരമായിരുന്നു. നാപ്പോളിക്കെതിരെ നടന്ന മത്സരവുമായി ഇതിന് സാമ്യമുണ്ട്.ഞങ്ങളുടെ ഫിലോസഫി കൃത്യമായി നടപ്പിലാക്കാൻ ഈ മത്സരത്തിൽ കഴിഞ്ഞു.ഞങ്ങൾ ബാഴ്സയാണ്,ഇവിടെ ആരും റിലാക്സ് ചെയ്യുന്നില്ല. വളരെ പ്രധാനപ്പെട്ട രണ്ട് കിരീടങ്ങൾ ഞങ്ങൾക്ക് മുന്നിൽ ഇപ്പോഴുമുണ്ട്,അതിന് വേണ്ടി ഞങ്ങൾ പോരാടും. ഞാൻ വളരെയധികം പാഷനേറ്റാണ്,എന്റെ ടീമിന്റെ വിജയം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.എന്നെ പുറത്താക്കിയത് തീർത്തും അന്യായമായിരുന്നു. പക്ഷേ നമ്മൾ അത് അംഗീകരിച്ചേ മതിയാകൂ “ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്.

റഫറിയുമായി തർക്കിക്കുന്നതിന് എപ്പോഴും കാർഡുകൾ വഴങ്ങാറുള്ള ഒരു പരിശീലകനാണ് ചാവി. ഇന്നലെയും സ്ഥിതിഗതി വ്യത്യസ്തമായിരുന്നില്ല. മത്സരത്തിന്റെ 42ആം മിനിറ്റിൽ റെഡ് കാർഡ് കണ്ടുകൊണ്ട് അദ്ദേഹത്തിന് പുറത്ത് പോകേണ്ടി വന്നിരുന്നു. പക്ഷേ മികച്ച വിജയം നേടാൻ കഴിഞ്ഞു എന്നുള്ളത് ചാവിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *