നിരവധി ഓഫറുകൾ, ഹൾക്ക് യൂറോപ്പിലേക്ക് തിരിച്ചെത്തുന്നു!

മുൻ ബ്രസീലിയൻ സൂപ്പർ താരം ഹൾക്ക് യൂറോപ്പിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നതായി അറിയിപ്പ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ജനുവരി ട്രാൻസ്ഫറിൽ യുറോപ്പിലേക്കോ അതല്ലെങ്കിൽ ബ്രസീലിലേക്കോ തിരിച്ചെത്തുമെന്ന് താരം അറിയിച്ചു. ബ്രസീൽ, സ്പെയിൻ, ഇറ്റലി, ജർമനി, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നൊക്കെ തന്നെയും വിവിധ ക്ലബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് താരം അറിയിച്ചത്. നിലവിൽ ചൈനീസ് ക്ലബായ ഷാങ്ഹായ് SIPG ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഇവർക്ക് വേണ്ടി 125 മത്സരങ്ങളിൽ നിന്ന് 70 ഗോളുകൾ താരം നേടിയിട്ടുണ്ട്. 320000 പൗണ്ട് ഓരോ ആഴ്ച്ചയിലും വേതനം പറ്റുന്ന താരത്തിന്റെ കരാർ ഈ ഡിസംബറിൽ അവസാനിക്കും. എന്നാൽ കരാർ പുതുക്കാൻ താരം തയ്യാറായിട്ടില്ല. മുൻപ് ബ്രസീൽ ടീമിന് വേണ്ടിയും പോർട്ടോക്ക് വേണ്ടിയുമൊക്കെ ബൂട്ടണിഞ്ഞ താരമാണ് ഹൾക്ക്.

ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ” യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ബ്രസീലിൽ നിന്നും എനിക്ക് ഒട്ടേറെ ഓഫറുകൾ വരുന്നുണ്ട്. തുർക്കി, പോർച്ചുഗൽ, സ്പെയിൻ, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്നൊക്കെ ഓഫറുകൾ വന്നിട്ടുണ്ട്. ചൈനയിലെ തന്നെ മറ്റുള്ള ക്ലബുകളിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. ഓരോ ദിവസവും പുതിയ പുതിയ ഓഫറുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. ട്രാൻസ്ഫർ മാർക്കറ്റിൽ ഇപ്പോഴും എന്റെ പേര് സജീവമായി നിലനിൽക്കുന്നതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഞാൻ ചൈനയിലേക്ക് വരാൻ തീരുമാനിച്ചത് ശരിയായ തീരുമാനം തന്നെയാണ്. എന്റെ കരിയറിനെ കുറിച്ച് ഞാൻ സന്തോഷവാൻ തന്നെയാണ്. ഞാൻ എവിടെയൊക്കെ പോവുന്നുവോ അവിടെയൊക്കെ ചരിത്രം രചിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് അതിന് സാധിച്ചിട്ടുമുണ്ട്. അതിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ” ഹൾക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *