ആളുകൾ എന്നെ വിശ്വസിച്ചില്ല, ലഭിച്ചത് അനാവശ്യ വിമർശനം: തുറന്നടിച്ച് ചാവി

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റാലിയൻ കരുത്തരായ നാപോളിയെ ബാഴ്സലോണ പരാജയപ്പെടുത്തിയത്.ഫെർമിൻ ലോപസ്,കാൻസെലോ,ലെവന്റോസ്ക്കി എന്നിവരുടെ ഗോളുകളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചത്. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയ ബാഴ്സലോണ 4 വർഷത്തിനുശേഷം ആദ്യമായി ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് താൻ പടിയിറങ്ങുകയാണ് എന്നുള്ള കാര്യം ചാവി തന്നെ സ്ഥിരീകരിച്ചിരുന്നു. ടീമിന്റെ മോശം പ്രകടനവും വിമർശനങ്ങളും കാരണമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിരുന്നത്. ഈ വിജയത്തിന് പിന്നാലെ ചില പ്രതികരണങ്ങൾ ഇക്കാര്യത്തിൽ ചാവി നടത്തിയിട്ടുണ്ട്. ആളുകൾ തന്നെ വിശ്വസിച്ചില്ലെന്നും തനിക്കും ക്ലബ്ബിനും ലഭിച്ചത് അനാവശ്യമായ വിമർശനമാണ് എന്നുമാണ് ചാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ ഒരു മികച്ച മത്സരമാണ് കളിച്ചത്.മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഞങ്ങളാണ് ആധിപത്യം പുലർത്തിയത്. ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു.ക്ലബ്ബ് വിടുന്ന കാര്യം ഞാൻ നേരത്തെ പ്രഖ്യാപിച്ചതാണ്,അതിനുശേഷം താരങ്ങളോട് ഒന്ന് ഉയർന്നു വരാൻ ഞാൻ ആവശ്യപ്പെട്ടു, ഇപ്പോൾ ഇത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ആളുകൾ എന്നെ വിശ്വസിച്ചിരുന്നില്ല,ലോക്കർ റൂമിന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെടുകയാണെന്ന് പലരും പറഞ്ഞു. അനാവശ്യമായ വിമർശനമാണ് ഞങ്ങൾക്ക് ലഭിച്ചത്. യൂറോപ്പിൽ പോരാടാൻ ഞങ്ങൾ റെഡിയാണ് എന്നുള്ളത് ഞങ്ങൾ ഇന്ന് തെളിയിച്ചു കഴിഞ്ഞു.ബോളിന്റെ അഭാവത്തിലും ഞങ്ങൾ മികച്ച പ്രകടനം ആണ് നടത്തിയത് ” ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

2020-ലായിരുന്നു ബാഴ്സലോണ അവസാനമായി ക്വാർട്ടറിൽ എത്തിയിരുന്നത്. അന്ന് ബയേണിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുകയായിരുന്നു. ഈ സീസണിൽ പലപ്പോഴും തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ടീമാണ് ബാഴ്സലോണ.പക്ഷേ ഇപ്പോൾ അവർ മികച്ച പ്രകടനമാണ് നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *