ഡി ബ്രൂയിന പുറത്ത് പോയത് ദേഷ്യപ്പെട്ട്, പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കി പെപ്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ലിവർപൂളാണ് സമനിലയിൽ തളച്ചത്.ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിൽ സിറ്റിക്ക് വേണ്ടി സൂപ്പർ താരം ഡി ബ്രൂയിന കളിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ 69ആം മിനിട്ടിൽ ഇദ്ദേഹത്തെ പിൻവലിച്ചുകൊണ്ട് കൊവാസിച്ചിനെ പെപ് ഇറക്കുകയായിരുന്നു.

തന്നെ പിൻവലിച്ചത് ഡി ബ്രൂയിനക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം കയറിപ്പോകുന്ന സമയത്ത് പെപ്പിനോട് ദേഷ്യപ്പെടുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഏതായാലും എന്തുകൊണ്ടാണ് ഡി ബ്രൂയിനയെ നേരത്തെ പിൻവലിച്ചത് എന്നതിനുള്ള ഒരു വിശദീകരണം പെപ് തന്നെ നൽകിയിരുന്നു.ബോൾ ഹോൾഡ് ചെയ്യുന്ന ഒരു താരത്തെ ആവശ്യമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊവാസിച്ചിനെ ഇറക്കിയത് എന്നുമാണ് ഈ പരിശീലകൻ നൽകുന്ന വിശദീകരണം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഡി ബ്രൂയിനയുടെ നിരാശ അത് നല്ലതാണ്. അടുത്ത മത്സരത്തിൽ തെളിയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കും.ബോൾ കീപ്പ് ചെയ്യുന്ന ഒരു താരത്തെ ഞങ്ങൾക്ക് അപ്പോൾ ആവശ്യം ഉണ്ടായിരുന്നു.പ്രെസ്സിങ്ങ് അല്ലായിരുന്നു വേണ്ടിയിരുന്നത്. അക്കാര്യത്തിൽ കൊവാസിച്ച് മിടുക്കനാണ്.കെവിന്റെ കാര്യത്തിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്.യാതൊരുവിധ പ്രശ്നങ്ങളും ഇല്ല, എല്ലാം ഓക്കെയാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മേൽ ആധിപത്യം പുലർത്തിയത് ലിവർപൂൾ ആണ്.നിരവധി ആക്രമണങ്ങൾ നടത്താൻ അവർക്ക് സാധിച്ചിരുന്നു.പക്ഷേ ഗോളുകൾ നേടാൻ കഴിയാതെ പോയത് അവർക്ക് തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു.അർജന്റൈൻ സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *