കാഞ്ഞ ബുദ്ധി തന്നെ :ക്ലോപിന് മറുപടിയുമായി പോച്ചെട്ടിനോ

ഈ സീസണിലെ കരബാവോ കപ്പ് കലാശ പോരാട്ടത്തിൽ വമ്പൻമാരായ ലിവർപൂളും ചെൽസിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക. പ്രശസ്തമായ വേംബ്ലി സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.മിഡിൽസ്ബ്രോയെ പരാജയപ്പെടുത്തി കൊണ്ടാണ് ചെൽസി ഫൈനലിന് യോഗ്യത കരസ്ഥമാക്കിയത്. അതേസമയം ഫുൾഹാമിനെയായിരുന്നു ലിവർപൂൾ പരാജയപ്പെടുത്തിയിരുന്നത്.

ഏതായാലും ഈ കലാശ പോരാട്ടത്തിലെ ഫേവറേറ്റുകൾ ആരാണ് എന്ന് ലിവർപൂൾ പരിശീലകനായ ക്ലോപിനോട് ചോദിക്കപ്പെട്ടിരുന്നു. പൊതുവിൽ ഫേവറേറ്റുകളായി കൊണ്ട് വിലയിരുത്തപ്പെടുന്നത് ലിവർപൂളാണ്. എന്നാൽ ക്ലോപിന് ആ അഭിപ്രായമില്ല. ചെൽസി വളരെയധികം പുരോഗതി പ്രാപിച്ചുവെന്നും അവർ മികച്ച രൂപത്തിൽ കളിക്കുന്നു എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. എന്നാൽ ചെൽസിയുടെ പരിശീലകനായ പോച്ചെട്ടിനോ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. വളരെ ബുദ്ധിമാനായ ഒരു വ്യക്തിയാണ് ക്ലോപ്പ് എന്നാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ക്ലോപ്.പെപ്പും ആ കൂട്ടത്തിൽ പെട്ടതാണ്.ഒരു ഫൈനൽ കളിക്കുമ്പോൾ വ്യത്യസ്തമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാം. ലിവർപൂൾ ഫേവറേറ്റുകൾ അല്ലെങ്കിൽ ഞങ്ങളും ഫേവറേറ്റുകൾ അല്ല. ഒരു ടീം എന്ന നിലയിൽ പോരാടാനുള്ള പരിചയസമ്പത്ത് അവർക്കുണ്ട്.വ്യത്യസ്ത ഫൈനലുകളിൽ അവർ ഇൻവോൾവ് ആയിട്ടുണ്ട്. പക്ഷേ ഞങ്ങളിൽ ചിലർക്ക് ഇത് ആദ്യത്തെ ഫൈനലാണ്.തീർച്ചയായും അദ്ദേഹം വല്ലാത്ത ബുദ്ധിമാനാണ്, അതുകൊണ്ടാണ് ഫേവറേറ്റുകൾ അല്ല എന്ന് പറഞ്ഞത് “ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ മാസത്തിന്റെ തുടക്കത്തിൽ ലിവർപൂളും ചെൽസിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.തകർപ്പൻ വിജയമാണ് മത്സരത്തിൽ ലിവർപൂൾ സ്വന്തമാക്കിയത്.ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസിയെ ലിവർപൂൾ പരാജയപ്പെടുത്തിയത്. ചില പ്രധാനപ്പെട്ട താരങ്ങൾ പരിക്കിന്റെ പിടിയിലാണെങ്കിലും ലിവർപൂളിന് തന്നെയാണ് ഈ ഫൈനൽ മത്സരത്തിൽ മുൻതൂക്കം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *