ഭാവിയറിയാതെ ഒഡീഗാർഡ്, കാത്തിരിക്കുന്നത് റയൽ മാഡ്രിഡിന്റെ തീരുമാനത്തിനായി!

റയൽ മാഡ്രിഡിന്റെ നോർവീജിയൻ മധ്യനിര താരം മാർട്ടിൻ ഒഡീഗാർഡ് എന്ത് ചെയ്യണമെന്നറിയാതെ കാത്തിരിപ്പിലാണ്. തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ട റയൽ മാഡ്രിഡിന്റെ തീരുമാനത്തെ കാത്തുകൊണ്ടാണ് ഒഡീഗാർഡ് തുടരുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഒഡീഗാർഡ് ലോണടിസ്ഥാനത്തിൽ റയൽ സോസിഡാഡിലേക്ക് കൂടുമാറിയത്. രണ്ട് വർഷത്തെ കരാറായിരുന്നു മാഡ്രിഡും സോസിഡാഡും തമ്മിൽ പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാൽ നിയമപരമായി സ്പെയിനിൽ രണ്ട് വർഷത്തെ ലോൺ കാലാവധി സാധ്യമല്ല. അതിനാൽ തന്നെ ഓരോ വർഷം കൂടുമ്പോഴും ലോണിന്റെ കരാർ പുതുക്കുകയാണ് ചെയ്യാറുള്ളത്. അത്കൊണ്ട് തന്നെ ഫലത്തിൽ ഈ സീസണോടെ താരത്തിന്റെ ലോൺ കാലാവധി അവസാനിച്ചിരിക്കുകയാണ്.

പക്ഷെ സോസിഡാഡുമായി തങ്ങളുടെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ്‌ ഇതുവരെ ശ്രമങ്ങൾ നടത്തിയിട്ടില്ല. അതിന് കാരണവുമുണ്ട്. താരത്തെ ഈ സീസണിൽ തിരികെ റയലിലേക്ക് കൊണ്ട് വരണമെന്നും ഫസ്റ്റ് ടീമിൽ അവസരം നൽകണമെന്നും ആരാധകരും ഫുട്ബോൾ പണ്ഡിതരും ആവിശ്യപ്പെട്ടിരുന്നു. ഇതാണ് താരത്തിന്റെ ഭാവിയെ കുറിച്ച് ഒരു തീരുമാനമെടുക്കാൻ റയൽ മാഡ്രിഡിനെ വൈകിപ്പിക്കുന്ന ഒരു വസ്തുത. കഴിഞ്ഞ സീസണിൽ വളരെ മികവാർന്ന പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. സോസിഡാഡിന്റെ അവസാനമത്സരങ്ങളിൽ പരിക്ക് ഉണ്ടായിട്ട് പോലും അതും വെച്ച് കളിച്ച താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം റയൽ സോസിഡാഡിനും താരത്തിനും ക്ലബിൽ തന്നെ തുടരാനാണ് ആഗ്രഹം. അടുത്ത സീസണിലെ യൂറോപ്പ ലീഗിലേക്കുള്ള യോഗ്യത ക്ലബിന് നേടികൊടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച താരമാണ് ഒഡീഗാർഡ്. ഇതിനാൽ തന്നെ താരത്തെ അടുത്ത സീസണിലേക്കും ക്ലബിന് ആവിശ്യമുണ്ട്. എന്നാൽ റയലിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഒഡീഗാർഡും സോസിഡാഡും.

Leave a Reply

Your email address will not be published. Required fields are marked *