മഹ്റസിന്റെ അൾജീരിയ പുറത്ത്,ഹോട്ടലിലേക്ക് ഇരച്ചു കയറി സ്വന്തം ആരാധകർ!

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ അൾജീരിയക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് മൗറിതാനിയ അൾജീരിയയെ തോൽപ്പിച്ചത്. ഇതോടുകൂടി നേഷൻസ് കപ്പിൽ നിന്നും അൾജീരിയ പുറത്തായിട്ടുണ്ട്. കിരീട ഫേവറേറ്റുകളിൽ ഒന്നായ അൾജീരിയയുടെ പുറത്താവൽ വലിയ അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

2019 ലെ ആഫ്ക്കോൺ കിരീടം നേടിയത് റിയാദ് മഹ്റസിന്റെ ഈ ടീമാണ്. എന്നാൽ 2022ൽ ഫസ്റ്റ് റൗണ്ടിൽ തന്നെ ഇവർ പുറത്താവുകയായിരുന്നു.മാത്രമല്ല ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാനും ഇവർക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ ആ പരിതാപകരമായ അവസ്ഥ ഇപ്പോഴും അൾജീരിയ തുടരുകയാണ്.അങ്കോള,ബുർകിന ഫാസോ എന്നിവരോട് അൾജീരിയ സമനില വഴങ്ങുകയായിരുന്നു. അതിന് ശേഷമാണ് മൗറിതാനിയയോട് തോൽവി ഏറ്റുവാങ്ങിയത്.

രണ്ട് പോയിന്റുകൾ മാത്രമുള്ള അൾജീരിയ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും പുറത്താക്കുകയും ചെയ്തു. ഇതോടെ അവരുടെ ആരാധകർ അക്രമാസക്തരായിട്ടുണ്ട്.അൾജീരിയ ടീം താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഇവർ അതിക്രമിച്ചു കയറിയിട്ടുണ്ട്. താരങ്ങളെയും സ്റ്റാഫുകളെയും ആക്രമിക്കാൻ അൾജീരിയൻ ആരാധകർ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.കനത്ത സുരക്ഷയിലാണ് ഇപ്പോൾ ഈ താരങ്ങൾ കഴിയുന്നത്.സ്വന്തം ആരാധകരിൽ നിന്ന് തന്നെയാണ് അവർക്ക് ഇപ്പോൾ ഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത്.

ഇന്നലത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ റിയാദ് മഹ്റസ് ഉണ്ടായിരുന്നില്ല.രണ്ടാം പകുതിയിലാണ് അദ്ദേഹം പകരക്കാരനായി കൊണ്ടുവന്നത്.എന്നാൽ അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്ലിയുടെ താരമാണ് മഹ്റസ്.മികച്ച പ്രകടനം അവിടെ നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.19 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും ഏഴ് അസിസ്റ്റുകളും ഈ സൂപ്പർ താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *