ആരെയും ഭയപ്പെടുത്തുന്ന യുവനിര,റയൽ മാഡ്രിഡിന്റെ ഭാവി ഈ കൈകളിൽ ഭദ്രമാണ്!
ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് പുറത്തെടുത്തത്. ചിരവൈരികളായ ബാഴ്സലോണയെ ഒന്നിനെതിരെ 4 ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും തിരിച്ചുവരാനുള്ള അവസരം റയൽ മാഡ്രിഡ് ബാഴ്സലോണക്ക് നൽകിയിരുന്നില്ല. സീസണിലെ ആദ്യ കിരീടമാണ് റയൽ സ്വന്തമാക്കിയത്.
എടുത്ത് പറയേണ്ടത് യുവ താരങ്ങളുടെ പ്രകടനമാണ്.വിനീഷ്യസ് ജൂനിയർ ഇന്നലെ ഹാട്രിക്ക് കരസ്ഥമാക്കി.റോഡ്രിഗോ ഒരു ഗോളും ഒരു അസിസ്റ്റം സ്വന്തമാക്കി.ജൂഡ് ബെല്ലിങ്ങ്ഹാമും ഒരു അസിസ്റ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇങ്ങനെ യുവ പ്രതിഭകളുടെ മികവിലാണ് റയൽ മാഡ്രിഡ് വിജയിച്ചു കയറിയിട്ടുള്ളത്.ഈ സീസണിൽ ഉടനീളം മികച്ച പ്രകടനം നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കാൻ റയലിന്റെ യുവ പ്രതിഭകൾക്ക് സാധിക്കുന്നുണ്ട്.
Real Madrid's young nucleus is going to be a problem for years to come 😤💯 pic.twitter.com/rJBHqnjFFs
— ESPN FC (@ESPNFC) January 14, 2024
ഓരോ വർഷവും സൂപ്പർതാരങ്ങൾ കൊഴിഞ്ഞു പോകുമ്പോഴും അതിനൊത്ത പകരക്കാരെ കൊണ്ടുവരാൻ റയൽ മാഡ്രിഡിന് കഴിയുന്നു എന്നതാണ് ഏവരെയും അതിശയപ്പെടുത്തുന്ന കാര്യം. മുന്നേറ്റ നിരയിൽ വിനീഷ്യസ്,റോഡ്രിഗോ എന്നിവരെ കൂടാതെ ബ്രാഹിം ഡയസും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. മധ്യനിരയിൽ നിരവധി പ്രതിഭകളെ റയൽ സമീപകാലത്ത് സ്വന്തമാക്കിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് ജൂഡ് ബെല്ലിങ്ങ്ഹാമിനെ തന്നെയാണ്.മാസ്മരിക പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.
അതുപോലെതന്നെ ഫ്രഞ്ച് സൂപ്പർ താരങ്ങളായ ചുവാമെനിയും കമവിങ്കയും ഇന്ന് ക്ലബ്ബിന്റെ പ്രധാനപ്പെട്ട താരങ്ങളാണ്. എന്നാൽ വാൽവെർദെ മറ്റൊരു തലത്തിലുള്ള താരമാണ്. എല്ലാം കൊണ്ടും ഒരു പെർഫെക്റ്റ് റയൽ മാഡ്രിഡ് താരമാണ് വാൽവെർദെ. പുതുതായി ടീമിലേക്ക് വന്ന ആർദ ഗൂളറും തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.ചുരുക്കത്തിൽ ഏത് ടീമിനെയും ഭയപ്പെടുത്തുന്ന ഒരു യുവനിരയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. അവരുടെ ഭാവി താരങ്ങളുടെ കൈകളിൽ സുരക്ഷിതമാണ്.