ഞങ്ങൾ ഒരുപാട് ധൈര്യത്തോടുകൂടിയാണ് പോരാടിയത്, അടിയറവ് പറയാൻ തയ്യാറല്ലായിരുന്നു: ഡിനിസ്
ഇന്നലെ നടന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലിൽ ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്.അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് മത്സരത്തിൽ തിളങ്ങുകയായിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ വേൾഡ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി കഴിഞ്ഞു.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.ഫ്ലുമിനൻസിന് തിരിച്ചുവരാനുള്ള ഒരു അവസരം പോലും സിറ്റി നൽകിയിരുന്നില്ല. എന്നാൽ ടീമിന്റെ ആറ്റിറ്റ്യൂഡിനെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് പ്രശംസിച്ചിട്ടുണ്ട്. അടിയറവ് പറയാൻ തയ്യാറാവാതെ ഒരുപാട് ധൈര്യത്തോടുകൂടിയാണ് ഈ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പോരാടിയത് എന്നാണ് ഡിനിസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
2023 Fluminense, you were special 🕊️ pic.twitter.com/ElE2retZaC
— chris 🇧🇷 (@crsxsa) December 22, 2023
“ഈ വർഷത്തിന്റെ തുടക്കം തൊട്ട് അവസാനം വരെ ഫ്ലൂമിനൻസ് ഫ്ലൂമിനൻസ് തന്നെയായിരുന്നു.അത് എനിക്ക് ഒരുപാട് സംതൃപ്തി നൽകുന്നു.ശരിയാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ഈ റിസൾട്ട് ഒരല്പം ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്. പക്ഷേ മത്സരത്തിൽ ഞങ്ങൾ പുറത്തെടുത്ത ആറ്റിറ്റ്യൂഡ് ഞങ്ങളുടേത് തന്നെയായിരുന്നു. ഒരുപാട് ധൈര്യത്തോടുകൂടി ഞങ്ങൾ കളിച്ചു. അടിയറവ് പറയാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. അത് തന്നെയാണ് ഫ്ലൂമിനൻസിന്റെ യഥാർത്ഥ സ്വഭാവം ” ഇതാണ് ഡിനിസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിലെ കോപ്പ ലിബർട്ടഡോറസ് കിരീടം നേടിയതോടുകൂടിയായിരുന്നു ഫ്ലുമിനൻസ് വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കിയത്. സെമിഫൈനലിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ അൽ അഹ്ലിയെ അവർ തോൽപ്പിച്ചിരുന്നു. ബ്രസീലിന്റെ കൂടി പരിശീലകനായ ഫെർണാണ്ടോ ഡിനിസ് വളരെ മികച്ച രൂപത്തിലാണ് ഫ്ലുമിനൻസിനെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ ഫൈനലിൽ വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് ആരാധകർക്ക് നിരാശ സമ്മാനിച്ചിട്ടുണ്ട്.