ഇതാണ് അവസ്ഥ,ഹൊയ്ലുണ്ട് പിന്നെ എങ്ങനെ ഗോളടിക്കും?
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ പൊസിഷനിലേക്ക് സൂപ്പർതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയത്.72 മില്യൻ പൗണ്ടായിരുന്നു അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചത്. എന്നാൽ താരം വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ ഗോൾ നേടാൻ ഹൊയ്ലുണ്ടിന് സാധിച്ചിട്ടില്ല.
പ്രീമിയർ ലീഗിൽ ആകെ 12 മത്സരങ്ങൾ അദ്ദേഹം കളിച്ചു കഴിഞ്ഞു. പക്ഷേ ഗോളുകൾ പിറക്കാത്തതിൽ അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൊയ്ലുണ്ടിനെ കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് തന്നെ പറയേണ്ടിവരും. മറിച്ച് സഹതാരങ്ങളെ കുറ്റപ്പെടുത്തേണ്ടിവരും. എന്തെന്നാൽ ടീമിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കർ ആയിട്ട് പോലും സഹതാരങ്ങളിൽ നിന്ന് പരിഗണന ഈ സൂപ്പർതാരത്തിന് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
🚨🇩🇰 Rasmus Hojlund is the striker who has received the fewest passes in the league this season. [ @TeleFootball ] #MUFC pic.twitter.com/DB8OiZnp1q
— UtdPlug (@UtdPlug) December 16, 2023
ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കുറവ് പാസുകൾ സഹതാരങ്ങളിൽ നിന്നും ലഭിച്ച താരം ഹൊയ്ലുണ്ടാണ്.150 പാസ്സുകൾ പോലും ഇതുവരെ ഈ സീസണിൽ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന് തൊട്ടു മുകളിൽ നിൽക്കുന്നതും മറ്റൊരു യുണൈറ്റഡ് താരം തന്നെയാണ്. ആന്റണി മാർഷലിനും സഹതാരങ്ങളിൽ നിന്ന് 150 പാസ്സുകൾ പോലും ഈ പ്രീമിയർ ലീഗ് ലഭിച്ചിട്ടില്ല. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങൾ നമ്പർ 9 സ്ട്രൈക്കർക്ക് പാസ് നൽകാൻ മടിക്കുന്നു എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
ഏറ്റവും കൂടുതൽ പാസുകൾ ലഭിച്ച സ്ട്രൈക്കർ ടോട്ടൻഹാമിന്റെ സണ്ണാണ്. രണ്ടാം സ്ഥാനത്ത് വോൾവ്സിന്റെ കുഞ്ഞയും വരുന്നു. രണ്ട് താരങ്ങൾക്കും 350 പരം പാസുകൾ ലഭിച്ചിട്ടുണ്ട്. ഏതായാലും യുണൈറ്റഡ് ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമാണ് അവരുടെ ഗോൾ ക്ഷാമത്തിന് വിരാമമാവുകയൊള്ളൂ. ഇന്ന് നടക്കുന്ന മത്സരത്തിൽ ലിവർപൂളിനെയാണ് യുണൈറ്റഡ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ആൻഫീൽഡിൽ വെച്ചു കൊണ്ടാണ് യുണൈറ്റഡ് ഈ മത്സരം കളിക്കുക.