എച്ചവേരി ബാഴ്സയിലേക്കോ? പ്രതികരണം രേഖപ്പെടുത്തി സാവി!

ഫുട്ബോൾ ലോകത്തെ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന യുവ പ്രതിഭകളിൽ ഒരാളാണ് ക്ലോഡിയോ എച്ചവേരി. 17 വയസ്സ് മാത്രമുള്ള ഈ താരം പ്രശസ്ത അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അണ്ടർ 17 വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഹാട്രിക്ക് നേടാൻ ഈ താരത്തിന് സാധിച്ചിരുന്നു. ലിറ്റിൽ മെസ്സി എന്നറിയപ്പെടുന്ന ഈ താരത്തിന് വേണ്ടി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. റിവർ പ്ലേറ്റുമായി കോൺട്രാക്ട് പുതുക്കാൻ എച്ചവേരിയുടെ ക്യാമ്പ് ഇതുവരെ തയ്യാറായിട്ടില്ല.

എച്ചവേരിയെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സലോണ ആരംഭിച്ചു കഴിഞ്ഞു എന്നത് കഴിഞ്ഞദിവസം പുറത്തേക്ക് വന്നിരുന്നു. ബാഴ്സയുടെ പരിശീലകനായ സാവിയോട് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.എച്ചവേരിയെ വളരെയധികം പ്രശംസിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. എന്നാൽ അദ്ദേഹത്തെ എത്തിക്കുന്ന കാര്യത്തിൽ അധികാരം തനിക്കില്ലെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം പ്രതിഭയുള്ള താരമാണ് എച്ചവേരി. ബ്രസീലിനെതിരെ അദ്ദേഹം ഹാട്രിക്ക് നേടി, പക്ഷേ അതിനേക്കാളൊക്കെ ഉപരി അദ്ദേഹം വളരെയധികം ടാലെന്റഡാണ്. വളരെ വ്യത്യസ്തനായ ഒരു ഫുട്ബോളറാണ് എച്ചവേരി. പക്ഷേ അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലുള്ള ചാർജ് എനിക്കില്ല. അത് സ്കൗട്ടിംഗ് ടീമിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

എച്ചവേരിയെ കൊണ്ടുവരാൻ ഈ പരിശീലകന് വളരെയധികം താല്പര്യമുണ്ട് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ബാഴ്സയിലേക്ക് വരാൻ തന്നെയാണ് ഈ 17 കാരനും താൽപര്യം. ലയണൽ മെസ്സിയെ പോലെ ബാഴ്സക്ക് വേണ്ടി കളിക്കാനാണ് തന്റെ ആഗ്രഹമെന്ന് നേരത്തെ തന്നെ എച്ചവേരി പറഞ്ഞിരുന്നു.റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ സിറ്റി,പിഎസ്ജി എന്നിവരൊക്കെ ഈ താരത്തിന് വേണ്ടി ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *