ഇക്കാർഡി റയൽ മാഡ്രിഡിലേക്കോ?

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡിന് അവരുടെ പ്രധാനപ്പെട്ട താരമായ കരിം ബെൻസിമയെ നഷ്ടമായത്.അതിന് പകരമായി കൊണ്ട് ഒരു മികച്ച സ്ട്രൈക്കർ എത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഒരുപാട് സൂപ്പർതാരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടിരുന്നുവെങ്കിലും ആരെയും റയൽ മാഡ്രിഡ് കൊണ്ടുവന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് മറ്റൊരു സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് പരിക്കേറ്റത്.

അദ്ദേഹം കുറച്ചധികം കാലം പുറത്തിരിക്കേണ്ടി വരും.ഇത് റയലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്. മുന്നേറ്റ നിരയിൽ വിനീഷ്യസിന്റെ അഭാവം നന്നായി നിഴലിച്ചു കാണും. അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കറെ എത്തിക്കാൻ റയൽ മാഡ്രിഡിന് പദ്ധതികൾ ഉണ്ട്. പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അർജന്റൈൻ സൂപ്പർ സ്ട്രൈക്കർ ആയ മൗറോ ഇക്കാർഡിയെ റയൽ മാഡ്രിഡ് പരിഗണിക്കുന്നുണ്ട് എന്നാണ് വാർത്ത. നിലവിൽ തകർപ്പൻ ഫോമിലാണ് ഇക്കാർഡി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറെക്ക് വേണ്ടിയാണ് ഇപ്പോൾ ഇക്കാർഡി കളിക്കുന്നത്. ഈ സീസണിൽ ആകെ കളിച്ച 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ചുരുങ്ങിയത് 15 മില്യൺ യൂറോ എങ്കിലും അദ്ദേഹത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരും എന്നാണ് വാർത്തകൾ. പക്ഷേ ഫാബ്രിസിയോ റൊമാനോ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.ഇക്കാർഡിയുടെ ക്യാമ്പുമായി റയൽ മാഡ്രിഡ് ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല.എൻഡ്രിക്കിന്റെ വരവിന് വേണ്ടി കാത്തിരിക്കാം എന്നുള്ള ഒരു തീരുമാനത്തിലാണ് ഇപ്പോൾ റയൽ മാഡ്രിഡ് ഉള്ളത്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് എൻഡ്രിക്ക് റയൽ മാഡ്രിഡിനോടൊപ്പം ചേരുക. താരം വരുന്നതോടുകൂടി സ്ട്രൈക്കർ പൊസിഷനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *