പണം വേണം,ബാഴ്സലോണ അമേരിക്കയിൽ കളിക്കും!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കുന്നുണ്ട്. പക്ഷേ ഇടയ്ക്കിടെ വഴങ്ങുന്ന തോൽവികൾ അവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷാക്തർ ഡോണസ്ക്കിനോടും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു.ഈ തോൽവികൾ അവർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്.

സമീപകാലത്ത് ബാഴ്സക്ക് ഏറ്റവും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് സാമ്പത്തികമായ പ്രശ്നങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ അതിന് താൽക്കാലികമായ ഒരു പരിഹാരം കാണാൻ വേണ്ടി ഒരു സൗഹൃദ മത്സരം കളിക്കാൻ എഫ്സി ബാഴ്സലോണ തീരുമാനിച്ചിട്ടുണ്ട്. ലയണൽ മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലാണ് ബാഴ്സലോണ കളിക്കുക. പ്രശസ്ത മെക്സിക്കൻ ക്ലബ്ബായ ക്ലബ്ബ് അമേരിക്ക എന്ന ടീമിനെതിരെയാണ് ബാഴ്സലോണ സൗഹൃദ മത്സരം കളിക്കുക. അമേരിക്കയിലെ ഡല്ലാസിൽ വെച്ച് ഡിസംബർ 21 തീയതിയാണ് ഈ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഏകദേശം 5 മില്യൺ യൂറോയോളം ഈ സൗഹൃദ മത്സരത്തിൽ നിന്നും വരുമാനമായി കൊണ്ട് ലഭിക്കുമെന്നാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. ബാഴ്സയുടെ സൂപ്പർതാരങ്ങൾ എല്ലാവരും ഈ മത്സരത്തിൽ പങ്കെടുത്തേക്കും. പക്ഷേ തീയതിയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.കാരണം ക്രിസ്മസ് വെക്കേഷന് മുന്നേ ബാഴ്സലോണ അവസാനമായി കളിക്കുന്നത് ഡിസംബർ ഇരുപതാം തീയതി അൽമേറിയക്കതിരെയാണ്. ആ മത്സരത്തിനുശേഷം തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയിൽ പോയി കളിക്കുക എന്നത് അസാധ്യമായ കാര്യമാണ്.അതുകൊണ്ടുതന്നെ തീയതിയുടെ കാര്യത്തിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അവസാനമായി കളിച്ച മത്സരത്തിൽ അലാവസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം റയോ വല്ലക്കാനോയെയാണ് ബാഴ്സലോണ നേരിടുക.നിലവിൽ ലാലിഗയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.ജിറോണ,റയൽ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.ഒന്നാം സ്ഥാനക്കാരുമായി നാല് പോയിന്റിന്റെ വ്യത്യാസം നിലവിൽ ബാഴ്സക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *