ക്രിസ്റ്റ്യാനോയെയാണ് മാതൃകയാക്കുന്നത് : ഗംഭീര തിരിച്ചുവരവ് നടത്തിയ ജോട്ട പറയുന്നു.
ലിവർപൂളിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ഡിയോഗോ ജോട്ടക്ക് കഴിഞ്ഞവർഷം ഒക്ടോബർ മാസത്തിലായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അതുകൊണ്ടുതന്നെ ഖത്തർ വേൾഡ് കപ്പ് അദ്ദേഹത്തിന് നഷ്ടമായിരുന്നു.കഴിഞ്ഞ സീസണിൽ യഥാർത്ഥ മികവ് പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 28 മത്സരങ്ങളിൽ നിന്ന് കേവലം 7 ഗോളുകൾ മാത്രമായിരുന്നു അദ്ദേഹം കഴിഞ്ഞ സീസണിൽ നേടിയിരുന്നത്. എന്നാൽ ഈ സീസണിൽ ഒരു ഗംഭീര തിരിച്ചുവരവ് നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
16 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ ഈ സീസണിൽ ഈ പോർച്ചുഗീസ് സൂപ്പർ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും തനിക്ക് കരിയറിൽ ഇനിയും ഒരുപാട് സഞ്ചരിക്കാനാവും എന്നുള്ള ഒരു കോൺഫിഡൻസ് ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പോർച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റ്യാനോയെയാണ് താൻ ഇക്കാര്യത്തിൽ മാതൃകയാക്കുന്നതെന്നും ജോട്ട കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Diogo Jota's got that Cristiano Ronaldo mentality 👌
— GOAL News (@GoalNews) November 15, 2023
” നമ്മൾ യുവത്വത്തിലായിരിക്കുമ്പോൾ ഒരുപാട് ഊർജ്ജം നമുക്കുണ്ടാകും.പക്ഷേ നമുക്ക് ഒരുപാട് മിസ്റ്റേക്കുകൾ സംഭവിക്കും. പിന്നീട് എക്സ്പീരിയൻസുകളിൽ നിന്ന് അത് പഠിച്ചെടുക്കണം.ഞാൻ എപ്പോഴും ഉദാഹരണമായി കൊണ്ട് റൊണാൾഡോയെ ആണ് എടുക്കാറുള്ളത്.അദ്ദേഹത്തെയാണ് മാതൃകയാക്കാറുള്ളത്.30 വയസ്സിന് മുന്നേ അദ്ദേഹം നേടിയതിനേക്കാൾ കൂടുതൽ ഗോളുകൾ 30 വയസ്സിനുശേഷം അദ്ദേഹം നേടിയിട്ടുണ്ട്. അതിനർത്ഥം 26 കാരനായ എനിക്ക് ഇനിയും ഒരുപാട് മുന്നോട്ട് സഞ്ചരിക്കാൻ കഴിയും എന്നതാണ്. പക്ഷേ അതിന് എല്ലാ ദിവസവും വർക്ക് ചെയ്യേണ്ടതുണ്ട് ” ഇതാണ് ജോട്ട പറഞ്ഞിട്ടുള്ളത്.
ഒരു നീണ്ട കരിയർ ആഗ്രഹിക്കുന്ന ഏതൊരു പ്രൊഫഷണൽ ഫുട്ബോൾ താരത്തിനും മാതൃകയാക്കാൻ സാധിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ പ്രായത്തിലും മാസ്മരിക പ്രകടനമാണ് റൊണാൾഡോ ഇപ്പോൾ പുറത്തെടുക്കുന്നത്. ഈ സീസണിൽ സൗദി അറേബ്യൻ ലീഗിൽ 12 മത്സരങ്ങൾ കളിച്ച റൊണാൾഡോ 13 ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.