എംബപ്പേ ഒരു വിഡ്ഢി, ഇനി അതിനെക്കുറിച്ച് സംസാരിക്കരുത് : വിമർശിച്ച് ബ്രസീലിയൻ താരം.

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേ കഴിഞ്ഞ വേൾഡ് കപ്പിന്റെ സമയത്ത് നടത്തിയ ഒരു പ്രസ്താവന വലിയ വിവാദമായിരുന്നു. സൗത്ത് അമേരിക്കൻ ഫുട്ബോളിനേക്കാൾ മികച്ചതാണ് യൂറോപ്പ്യൻ ഫുട്ബോൾ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശം. സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഫുട്ബോൾ കളിക്കേണ്ടി വരുന്നില്ലെന്നും എംബപ്പേ ആരോപിച്ചിരുന്നു.അതേ തുടർന്ന് നിരവധി ചർച്ചകളും സംവാദങ്ങളും അരങ്ങേറി.

ഈ വിഷയത്തിൽ ഇപ്പോൾ ബ്രസീലിയൻ താരമായിരുന്ന ഫെലിപെ മെലോ എംബപ്പേക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.എംബപ്പേ ഒരു വിഡ്ഢിയാണ് എന്നാണ് മെലോ പറഞ്ഞിട്ടുള്ളത്. ഇനി സൗത്ത് അമേരിക്കൻ ഫുട്ബോളിനെ കുറിച്ച് എംബപ്പേ സംസാരിക്കാൻ പാടില്ലെന്നും മെലോ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എംബപ്പേ യഥാർത്ഥത്തിൽ ഒരു വിഡ്ഢിയാണ്. വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ അദ്ദേഹം ഹാട്രിക് നേടിയിട്ടുണ്ട്. എന്നിട്ടും അർജന്റീന ലോക ചാമ്പ്യന്മാരായി.മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമായി മാറുകയും ചെയ്തു. ഇനിയും ഒരുപാട് കാര്യങ്ങൾ എംബപ്പേ പഠിക്കാനുണ്ട്.പക്ഷേ സൗത്ത് അമേരിക്കൻ ഫുട്ബോളിനെ കുറിച്ച് സംസാരിക്കാൻ അദ്ദേഹമായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം എംബപ്പേ മികച്ച താരം തന്നെയാണ്. ഭാവിയിൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയേക്കാം. പക്ഷേ അദ്ദേഹം തന്റെ വായ അടക്കേണ്ടതുണ്ട് ” ഇതാണ് മെലോ പറഞ്ഞിട്ടുള്ളത്.

ബ്രസീലിന്റെ നാഷണൽ ടീമിന് വേണ്ടി ഇരുപതിൽ പരം മത്സരങ്ങൾ മെലോ കളിച്ചിട്ടുണ്ട്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ് ഈ മധ്യനിര താരം കളിച്ചുകൊണ്ടിരിക്കുന്നത്.ബൊക്ക ജൂനിയേഴ്സിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ ലിബർട്ടഡോറസ് കിരീടം നേടാൻ ഫ്ലൂമിനൻസിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *