എംബപ്പേയെ റയൽ വേണ്ടെന്ന് വെച്ചു, ഇപ്പോൾ ലക്ഷ്യം മറ്റൊരു യുവ സൂപ്പർ താരം!

സൂപ്പർ താരം കിലിയൻ എംബപ്പേക്ക് വേണ്ടി കഴിഞ്ഞ ഒരുപാട് വർഷങ്ങളായി റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതുവരെ ക്ലബ്ബിലേക്ക് വരാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വരുന്ന സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിൽ എത്തുമെന്നുള്ള റൂമറുകൾ സജീവമാണ്. കാരണം അദ്ദേഹം പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയിട്ടില്ല. എന്നാൽ എംബപ്പേയുടെ പ്രീ അഗ്രിമെന്റിലെത്തി എന്ന തരത്തിലുള്ള റൂമറുകൾ റയൽ മാഡ്രിഡ് തന്നെ നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ കഡേന സെർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ഉപേക്ഷിച്ചു കഴിഞ്ഞു. അദ്ദേഹത്തെ ഇനി കൊണ്ടുവരേണ്ടതില്ല എന്ന് തീരുമാനം റയൽ കൈകൊണ്ടു എന്നാണ് ഈ മാധ്യമം അവകാശപ്പെടുന്നത്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങൾ അവർ നിരത്തുന്നുമുണ്ട്.

അതിൽ ഒന്നാമത്തെ കാരണം താരത്തിന്റെ സൈനിങ്ങ് ബോണസ് തന്നെയാണ്. അതായത് ഫ്രീ ഏജന്റായി കൊണ്ട് വരുന്നതിനാൽ ഓരോ വർഷവും 20 മില്യൻ യൂറോ വീതം സൈനിങ്‌ ബോണസ്സായി കൊണ്ട് നൽകണമെന്ന് എംബപ്പേ ആവശ്യപ്പെടും. രണ്ടാമത്തെ കാര്യം താരത്തിന്റെ വയസ്സ് തന്നെയാണ്. അടുത്തവർഷം അദ്ദേഹം ക്ലബ്ബിൽ എത്തുമ്പോൾ 26 വയസ്സാകും. ഇതിനേക്കാൾ പ്രായം കുറഞ്ഞ താരങ്ങളെ കൊണ്ടുവരുന്നതിനാണ് ഇപ്പോൾ റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. മൂന്നാമത്തെ കാരണം സാമ്പത്തികപരമായ കാര്യങ്ങളാണ്. അതായത് താരത്തിന് വേണ്ടി വലിയ ഒരു തുക തന്നെ റയൽ മാഡ്രിഡ് മുടക്കേണ്ടി വരും. അത് ആരാധകർക്കിടയിൽ അത്രപ്തി സൃഷ്ടിച്ചേക്കാം. മാത്രമല്ല സാമ്പത്തികപരമായി ക്ലബ്ബിനകത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും.

ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയും എംബപ്പേയെ വേണ്ട എന്ന് തീരുമാനത്തിലേക്ക് റയൽ മാഡ്രിഡ് എത്തി എന്നാണ് ഇവർ അവകാശപ്പെടുന്നത്. പ്രമുഖ ജർമ്മൻ മാധ്യമമായ ബിൽഡ് മറ്റൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബയേണിന്റെ യുവ പ്രതിഭയായ ജമാൽ മുസിയാലയെ സ്വന്തമാക്കാൻ റയലിന് താല്പര്യമുണ്ട്.കേവലം 20 വയസ്സ് മാത്രമുള്ള താരം കഴിഞ്ഞ സീസണിൽ 29 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിരുന്നു.അദ്ദേഹം ജർമൻ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പിടാൻ തയ്യാറായിട്ടില്ല. അതേസമയം മാഞ്ചസ്റ്റർ സിറ്റിയും മുസിയാലയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *