തോറ്റത് എന്തുകൊണ്ട് ? ന്യായീകരണങ്ങളുമായി ടെൻ ഹാഗ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കോപൻ ഹേഗൻ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായിരുന്ന യുണൈറ്റഡ് പിന്നീട് നാല് ഗോളുകൾ വഴങ്ങിക്കൊണ്ട് തോൽവി രുചിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡിന് റെഡ് കാർഡ് കാണേണ്ടി വന്നത് യുണൈറ്റഡിന് തിരിച്ചടിയാവുകയായിരുന്നു.
എന്നാൽ ആ ഫൗൾ റെഡ് കാർഡ് അർഹിച്ചിരുന്നില്ല എന്ന വാദം ഫുട്ബോൾ ലോകത്തെ ശക്തമാണ്. ഏതായാലും ഈ തോൽവിയെ കുറിച്ച് യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ് തോൽവിയിലേക്ക് നയിച്ചത് എന്ന് തന്നെയാണ് ഈ പരിശീലകൻ ആരോപിക്കുന്നത്.റെഡ് കാർഡ് നൽകിയത് അധികമായിപ്പോയെന്നും ടെൻ ഹാഗ് പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴👀 Ten Hag: “You can see that there’s a player in front of Onana in an offside position on Copenhagen first goal…”.
— Fabrizio Romano (@FabrizioRomano) November 8, 2023
“Not only tonight. We have to deal with many decisions against us in other games”, told TNT. pic.twitter.com/Igk1VBVc74
“റെഡ് കാർഡാണ് എല്ലാം മാറ്റിമറിച്ചത്. ആദ്യപകുതിക്ക് മുന്നേ ഞങ്ങൾ വഴങ്ങിയ രണ്ടു ഗോളുകളും അന്യായമാണ്. ആദ്യത്തേത് ഓഫ് സൈഡാണ്, രണ്ടാമത്തേത് അവർ ഒരിക്കലും പെനാൽറ്റി അർഹിച്ചിരുന്നില്ല. മാത്രമല്ല ആ റെഡ് കാർഡ് അധികമായി പോയി. ഒരുപാട് സമയമെടുത്താണ് റഫറി അത് തീരുമാനിച്ചത്.റഫറിയുടെ തീരുമാനങ്ങളിൽ ഞാൻ വളരെയധികം നിരാശനാണ്.തെറ്റായ തീരുമാനങ്ങൾ സംഭവിക്കാം. പക്ഷേ ഇന്ന് ഞങ്ങൾക്ക് മൂന്ന് തെറ്റായ തീരുമാനങ്ങളെയാണ് നേരിടേണ്ടിവന്നത് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിൽ കാര്യങ്ങൾ ഇനി ഒട്ടും എളുപ്പമല്ല. ആകെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും അവർ പരാജയപ്പെടുകയായിരുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ യുണൈറ്റഡ് പുറത്താവാനുള്ള സാധ്യതകളാണ് ഇത്തവണ കാണുന്നത്. പ്രീമിയർ ലീഗിലും വളരെ മോശം നിലയിലാണ് യുണൈറ്റഡ് ഉള്ളത്.