മെസ്സിയെപ്പോലെ ബാലൺഡി’ഓർ നേടണമെങ്കിൽ വേണ്ടതെന്തെന്ന് എംബപ്പേക്ക് വിശദീകരിച്ച് നൽകി എൻറിക്കെ!

സൂപ്പർ താരം കിലിയൻ എംബപ്പേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യക്തിഗതമായി മികച്ച പ്രകടനം നടത്തുന്നുണ്ട്.പിഎസ്ജിക്ക് വേണ്ടിയും ഫ്രാൻസിന് വേണ്ടിയും തകർപ്പൻ പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പക്ഷേ ഇതുവരെ ബാലൺഡി’ഓർ പുരസ്കാരം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെ ബാലൺഡി’ഓർ ലിസ്റ്റിൽ മൂന്നാം സ്ഥാനമാണ് എംബപ്പേ സ്വന്തമാക്കിയിരുന്നത്. ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കിയിരുന്നത്.

പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ ഇക്കാര്യത്തിൽ ചില മാർഗ്ഗ നിർദ്ദേശങ്ങൾ എംബപ്പേക്ക് നൽകിയിട്ടുണ്ട്.ബാലൺഡി’ഓർ നേടണമെങ്കിൽ എന്തൊക്കെയാണ് വേണ്ടത് എന്ന് എംബപ്പേക്ക് വിശദീകരിച്ച് നൽകുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. വ്യക്തിഗതമായ മികവിനൊപ്പം ടീമിനും കിരീടങ്ങൾ നേടിക്കൊടുക്കണം എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കിലിയൻ എംബപ്പേയുടെ വ്യക്തിഗത പ്രകടനം വളരെ മികച്ചതാണ്.എന്നാൽ ബാലൺഡി’ഓർ നേടണമെങ്കിൽ അത് മാത്രം പോരാ. അതിനോടൊപ്പം ക്ലബ്ബിനും ദേശീയ ടീമിനും കിരീടങ്ങൾ നേടിക്കൊടുക്കണം.പിഎസ്ജിയോടൊപ്പം സാധ്യമായ അത്രയും കിരീടങ്ങൾ നേടാൻ ഞങ്ങൾ ശ്രമിക്കും. അതുപോലെതന്നെ ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പം സാധ്യമായ കിരീടങ്ങൾ നേടാൻ എംബപ്പേയും പരിശ്രമിക്കും. എനിക്കുറപ്പുണ്ട് അദ്ദേഹം ഒരുപാട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടും എന്നത് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പതിവുപോലെ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് എംബപ്പേ നടത്തുന്നത്.ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇപ്പോൾ എംബപ്പേയാണ്.എന്നാൽ ഈ സീസണിന് ശേഷം എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമോ എന്ന കാര്യത്തിൽ ഉറപ്പുകൾ ഒന്നുമില്ല. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് എത്തും എന്നാ റൂമറുകൾ ഇപ്പോഴും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *