പക പോക്കുകയാണ്,ഈഗോ മാറ്റിവെക്കൂ:ടെൻ ഹാഗിനോട് സാഹ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർതാരമായ ജേഡൻ സാഞ്ചോക്ക് ഇതുവരെ സ്‌ക്വാഡിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. ടീമിനോടൊപ്പം ട്രെയിനിങ് നടത്താനുള്ള അനുമതി പരിശീലകൻ ടെൻ ഹാഗ് നൽകിയിട്ടില്ല. തന്നോട് മാപ്പ് പറഞ്ഞാൽ മാത്രമാണ് സാഞ്ചോയെ തിരികെ എടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ടെൻ ഹാഗ് ഉള്ളത്. എന്നാൽ സാഞ്ചോ ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടുമില്ല. അതുകൊണ്ടാണ് കാര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നത്.

എന്നാൽ ഈ വിഷയത്തിൽ ടെൻ ഹാഗിനെതിരെ മുൻ യുണൈറ്റഡ് താരമായിരുന്ന ലൂയിസ് സാഹ രംഗത്ത് വന്നിട്ടുണ്ട്. പരിശീലകൻ താരങ്ങളോട് പക പോകുകയാണ് എന്നാണ് സാഹ ആരോപിച്ചിട്ടുള്ളത്.ടെൻ ഹാഗ് തന്റെ ഈഗോ മാറ്റിവയ്ക്കേണ്ട സമയം അതിക്രമിച്ചുവെന്നും സാഹ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സാഞ്ചോയുടെ ഈ വിഷയം മികച്ച രൂപത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. തീർച്ചയായും സാഞ്ചോക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.പക്ഷേ ഈ പരിശീലകൻ അദ്ദേഹത്തെ സഹായിക്കുകയാണ് വേണ്ടത്.ഇതിങ്ങനെ തുടർന്ന് കൊണ്ടുപോകുന്നതിന് നഷ്ടം എല്ലാവർക്കും ആണ്.ടെൻ ഹാഗ് അദ്ദേഹത്തിന്റെ ഈഗോ മാറ്റിവെക്കണം. അദ്ദേഹം സാഞ്ചോയെ ട്രീറ്റ് ചെയ്യുന്ന രീതി ശരിയല്ല. തന്റെ പവർ കാണിച്ചുകൊടുക്കാൻ വേണ്ടി ടെൻ ഹാഗ് പ്രതികാരം ചെയ്യുകയാണ് ചെയ്യുന്നത് ” ഇതാണ് സാഹ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് ഈ പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നായിരുന്നു. റൊണാൾഡോയെ ഇദ്ദേഹം ബെഞ്ചിലിരുത്തുകയായിരുന്നു. ഇതിൽ അസംതൃപ്തനായ റൊണാൾഡോ ഈ പരിശീലകനെതിരെയും ക്ലബ്ബിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ചു. ഇതോടെ അദ്ദേഹത്തിന് ക്ലബ് വിടേണ്ടി വരികയായിരുന്നു.എന്നാൽ ടെൻ ഹാഗ് കൂടുതൽ താരങ്ങളുമായി പ്രശ്നങ്ങളുണ്ടാക്കുന്നത് യുണൈറ്റഡിന് തലവേദനയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *