എംബപ്പേ ഫോമിൽ തിരിച്ചെത്തി,ഡെമ്പലെക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് എൻറിക്കെ.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ സ്ട്രാസ്ബർഗിനെ പരാജയപ്പെടുത്തിയത്.ഈ വിജയത്തോടുകൂടി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരായ നീസിനേക്കാൾ ഒരു പോയിന്റിനാണ് പിഎസ്ജി പുറകിലുള്ളത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ ക്ലബ്ബിനുവേണ്ടി ഗോൾ നേടാൻ കഴിയാതെ പോയ സൂപ്പർ താരം കിലിയൻ എംബപ്പേ ഫോമിലേക്ക് തിരിച്ചെത്തിയതാണ് പിഎസ്ജിക്ക് ആശ്വാസമായിരിക്കുന്നത്. ഈ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമാണ് എംബപ്പേ നേടിയിട്ടുള്ളത്.കാർലോസ് സോളറും ഒരു ഗോളും ഒരു അസിസ്റ്റും നേടി. ശേഷിച്ച ഗോൾ ഫാബിയാൻ റൂയിസിന്റെ വകയായിരുന്നു.
FULL-TIME: Paris Saint-Germain 3-0 Strasbourg ✅
— Paris Saint-Germain (@PSG_English) October 21, 2023
3️⃣ goals
3️⃣ points
A fine afternoon at the Parc des Princes! 🔴🔵#PSGRCSA pic.twitter.com/kjGvNFzHKC
അതേസമയം ഫ്രഞ്ച് സൂപ്പർ താരമായ ഒസ്‌മാൻ ഡെമ്പലെക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ല. ഫ്രഞ്ച് ലീഗിൽ 7 മത്സരങ്ങൾ ക്ലബ്ബിനുവേണ്ടി കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ ഡെമ്പലെക്ക് കഴിഞ്ഞിട്ടില്ല.കേവലം രണ്ട് അസിസ്റ്റുകൾ മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.അതുകൊണ്ടുതന്നെ താരത്തിന് ഇപ്പോൾ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഡെമ്പലെ ഗോൾ നേടാത്തതിൽ തനിക്ക് ആശങ്കയില്ലെന്നും മറ്റു മേഖലകളിൽ തിളങ്ങാൻ ഡെമ്പലെക്ക് സാധിക്കുന്നുണ്ട് എന്നുമാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ കളിയെ താൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും താരത്തിന്റെ കാര്യത്തിൽ ഒരു പ്രശ്നവും താൻ കാണുന്നില്ലെന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമായിരുന്നു പിഎസ്ജിക്ക് ലഭിച്ചിരുന്നത്. എന്നാൽ പതിയെ അവർ അതിൽ നിന്നും കരകയറി വരുന്നതാണ് ഇപ്പോൾ നമുക്ക് കാണാനാവുക.