ഇതിഹാസങ്ങളുടെ വഴിയേ ഗ്രീൻവുഡ്

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാം യുണൈറ്റഡുമായി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച മത്സരത്തിൽ യുണൈറ്റഡിൻ്റെ ഗോൾ നേടിയത് ടീനേജ് താരം മാസൺ ഗ്രീൻവുഡാണ്. 18കാരനായ ഗ്രീൻവുഡ് ഈ സീസണിൽ നടത്തിയ പ്രകടനം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇപ്പോൾ തന്നെ ഈ കൗമാരക്കാരൻ്റെ ഗോളടിക്കണക്കുകൾ ഇതിഹാസ താരങ്ങളായ ജോർജ് ബെസ്റ്റിനും വെയ്ൻ റൂണിക്കും ഒപ്പമാണ്.

ഈ സീസണിൽ ഇതുവരെ എല്ലാ കോംപിറ്റീഷനുകളിലുമായി 17 ഗോളുകളാണ് ഗ്രീൻവുഡ് നേടിയത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടിയ കൗമാരക്കാരുടെ എലീറ്റ് ലിസ്റ്റിൽ തലപ്പത്ത് ഗ്രീൻവുഡും ഇടം പിടിച്ചു. 1965-66 സീസണിൽ ജോർജ് ബെസ്റ്റും 1967-68 സീസണിൽ ബ്രയാൻ കിഡ്ഡും 2004-05 സീസണിൽ വെയ്ൻ റൂണിയും കൗമാരക്കാരായിരിക്കെ നേടിയത് 17 ഗോളുകൾ വീതമാണ്!

ഈ സീസണിൽ ഇതുവരെ പ്രീമിയർ ലീഗിൽ ഗ്രീൻവുഡ് നേടിയത് 10 ഗോളുകളാണ്. 2004-05 സീസണിൽ വെയ്ൻ റൂണി 11 ഗോളുകളും 2012-13 സീസണിൽ റൊമേലു ലുക്കാക്കു 14 ഗോളുകളും നേടിയ ശേഷം പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു കൗമാരക്കാരൻ 10 ഗോളുകൾ നേടുന്നത്. ഏതായാലും ഈ കണക്കുകൾ സൂചിപ്പിപ്പിക്കുന്നത് ഗ്രീൻവുഡിന് ഭാവിയിൽ ഫുട്ബോൾ ലോകം അടക്കി ഭരിക്കാനുള്ള പ്രതിഭയുണ്ടെന്ന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *