വീണ്ടും നെഞ്ചിലേറ്റി സ്പോർട്ടിങ്, കവാടത്തിന് റൊണാൾഡോയുടെ പേര് നൽകി!
ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പ്രതിഭയെ ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്തത് പോർച്ചുഗീസ് വമ്പൻമാരായ സ്പോർട്ടിംഗ് സിപിയാണ്. അവരുടെ അക്കാദമിയിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വളർന്നുവന്നിരുന്നത്. പിന്നീട് അവരുടെ ബി ടീമിനും തുടർന്ന് സീനിയർ ടീമിനും വേണ്ടി കളിച്ചു. അതിനുശേഷമാണ് ഫെർഗൂസൻ അദ്ദേഹത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചത്.ക്രിസ്റ്റ്യാനോയുടെ കരിയറിന്റെ പീക്കിന് സാക്ഷ്യം വഹിച്ചത് റയൽ മാഡ്രിഡായിരുന്നു.
നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ് റൊണാൾഡോ.എന്നാൽ തങ്ങൾ സംഭാവന ചെയ്ത ഇതിഹാസത്തെ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് എന്നും നെഞ്ചിലേറ്റാറുണ്ട്.ഈയിടെയായിരുന്നു റൊണാൾഡോയുടെ പേരുള്ള ജേഴ്‌സി ധരിച്ചുകൊണ്ട് സ്പോർട്ടിങ് താരങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നത്. ഫുട്ബോളിൽ നിന്നും വിരമിച്ചിട്ട് പോലുമില്ലാത്ത ഒരു താരത്തിന് ഇത്രയും വലിയ ഒരു ബഹുമതി ലഭിക്കുക എന്നതൊക്കെ അസാധാരണമായ കാര്യമാണ്.
🚨Official: Sporting have named their Gate no.7 to 'Cristiano Ronaldo Gate'. pic.twitter.com/28wDR0q5RR
— CristianoXtra (@CristianoXtra_) October 8, 2023
സ്പോർട്ടിങ് ഇപ്പോൾ റൊണാൾഡോയെ മറ്റൊരു രീതിയിലൂടെ ആദരിച്ചിട്ടുണ്ട്. അതായത് അവരുടെ സ്റ്റേഡിയത്തിലെ ഏഴാം നമ്പർ ഗേറ്റിന് അഥവാ കവാടത്തിന് ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരാണ് നൽകിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഗേറ്റ് എന്നാണ് ഇത് അറിയപ്പെടുക. അതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
അൽ നസ്റിലെ കരിയറിന് വിരാമം കുറിച്ച് ശേഷം റൊണാൾഡോ സ്പോർട്ടിങ് സിപിയിലേക്ക് തിരിച്ചെത്തും എന്നുള്ള റൂമറുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിട്ടുണ്ട്. അതിനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. നിലവിൽ തകർപ്പൻ ഫോമിലാണ് റൊണാൾഡോ സൗദിയിൽ കളിച്ചുകൊണ്ടിരിക്കുന്നത്. സൗദി ലീഗിൽ എട്ടുമത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 5 അസിസ്റ്റുകളും റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.