ഞാനത്ര വിനയാന്വിതൻ ഒന്നുമല്ല, എന്റെ നേട്ടങ്ങൾ നിങ്ങൾ മറക്കേണ്ട: എണ്ണിപ്പറഞ്ഞ് മൊറിഞ്ഞോ.
ഇന്നലെ ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം നേടാൻ റോമക്ക് കഴിഞ്ഞിരുന്നു.ലുക്കാക്കു,പെല്ലഗ്രിനി എന്നിവരായിരുന്നു റോമയുടെ ഗോളുകൾ നേടിയത്.ഈ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത് അർജന്റൈൻ സൂപ്പർ താരമായ പൗലോ ദിബാലയാണ്. നിലവിൽ റോമ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. 7 ലീഗ് മത്സരങ്ങളിൽ കേവലം രണ്ടെണ്ണം മാത്രം വിജയിച്ച അവർ പോയിന്റ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്.
അവരുടെ സൂപ്പർ പരിശീലകനായ മൊറിഞ്ഞോക്ക് തന്റെ കരിയറിലെ ഏറ്റവും മോശം തുടക്കമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ വിമർശനങ്ങൾ ഈ പരിശീലകനെ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.എന്നാൽ ഇതിനെതിരെ അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്. താൻ അത്ര വിനയമുള്ള ആളല്ല എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. താൻ മികച്ച പരിശീലകനാണെന്ന് അവകാശപ്പെട്ടു കൊണ്ട് തന്റെ നേട്ടങ്ങൾ മൊറിഞ്ഞോ എണ്ണിപ്പറയുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
𝗙𝗧
— Lega Serie A (@SerieA_EN) October 1, 2023
Two Dybala assists, two Roma goals; three points. #RomaFrosinone pic.twitter.com/fOOgouTZGe
” ആളുകൾ പറയാറുണ്ട് ഞാൻ അത്ര വിനയമുള്ള ആൾ ഒന്നുമല്ലെന്ന്, അത് എനിക്ക് ശരിവെക്കേണ്ടി വരും.എന്റെ നേട്ടങ്ങൾ നിങ്ങൾ മറക്കാൻ പാടില്ല.പോർട്ടോക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തു എന്നത് വലിയ ഒരു നേട്ടം തന്നെയാണ്. അന്ന് ഫൈനലിൽ കളിച്ച പതിനൊന്നു താരങ്ങളിൽ ഒൻപതു പേരും പോർച്ചുഗീസ് താരങ്ങളായിരുന്നു.ചാമ്പ്യൻസ് ലീഗിൽ കളിച്ച പരിചയം ഇല്ലാത്തവരായിരുന്നു പലരും.അത് വലിയൊരു നേട്ടം തന്നെയാണ്. എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നത് മറക്കുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനും ഈ റോമക്കും യൂറോപ്യൻ കപ്പ് നേടിത്തരാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഇനി യൂറോപ്പ ലീഗിലാണ് അടുത്ത മത്സരം റോമ കളിക്കുക. ആദ്യ മത്സരത്തിൽ വിജയിക്കാൻ അവർക്ക് സാധിച്ചിരുന്നു. അതിനുശേഷം ഇറ്റാലിയൻ ലീഗിൽ കാഗ്ലിയാരിയാണ് റോമയുടെ എതിരാളികൾ.