ആരാധകരുടെ കൂവൽ എനിക്ക് മനസ്സിലാകും, ഞാനും ഹാപ്പിയല്ല: തുറന്ന് പറഞ്ഞ് ടെൻ ഹാഗ്.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ ക്രിസ്റ്റൽ പാലസ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 25ആം മിനുട്ടിൽ ആൻഡേഴ്സൺ നേടിയ ഗോളാണ് പാലസിന് വിജയം സമ്മാനിച്ചത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ് ഈയൊരു തോൽവി യുണൈറ്റഡ് വഴങ്ങിയത്.

യുണൈറ്റഡിന്റെ മോശം പ്രകടനത്തിൽ ആരാധകർ കടുത്ത അസംതൃപ്തരാണ്. സ്വന്തം ആരാധകർ തന്നെ താരങ്ങളെയും പരിശീലകനേയും കൂവി വിളിച്ചിരുന്നു. ആരാധകരുടെ കൂവൽ തനിക്ക് മനസ്സിലാകും എന്നാണ് ഇതേക്കുറിച്ച് ടെൻ ഹാഗ് പറഞ്ഞത്. പ്രകടനത്തിന്റെ കാര്യത്തിൽ താൻ സന്തുഷ്ടനല്ലെന്നും ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആരാധകരുടെ കൂവൽ എനിക്ക് മനസ്സിലാക്കാൻ സാധിക്കും.കളിക്കുന്നത് എവിടെയാണെങ്കിലും ഞങ്ങൾ വിജയിക്കേണ്ടതുണ്ട്.പ്രീമിയർ ലീഗിലെ ഓരോ മത്സരങ്ങളും ബുദ്ധിമുട്ടാണ് എന്നത് എനിക്കറിയാം.ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം.ആരാധകർ വിജയം പ്രതീക്ഷിച്ചിരുന്നു.പക്ഷേ തോൽവിയാണ് ലഭിച്ചത്. ഞങ്ങൾ കൂടുതൽ സ്ഥിരത പുലർത്തണം.ഇപ്പോൾ ഉള്ളതിനേക്കാൾ മികച്ച രീതിയിൽ കളിക്കണം. ഇപ്പോഴത്തെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനല്ല. തോൽവിക്ക് ഒരു ന്യായീകരണവുമില്ല. ഞങ്ങൾ വിജയിക്കേണ്ടതുണ്ട് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിൽ ഏഴു മത്സരങ്ങളാണ് യുണൈറ്റഡ് കളിച്ചിട്ടുള്ളത്. അതിൽ നാലിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.7 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് ഇപ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *