ചാരമല്ല, കനൽ തന്നെയാണ്. ഇബ്രയുടെ കരുത്തിൽ മിലാന് ജയം !

പ്രായത്തിനൊന്നും തന്റെ പ്രതിഭക്ക് ഒരു കോട്ടവും തട്ടിക്കാനായിട്ടില്ലെന്ന് ഫുട്ബോൾ ലോകത്തോട് ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞ് ഇബ്രാഹിമോവിച്ച്. ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ടാണ് സ്ലാട്ടൻ കരുത്തുകാട്ടിയത്. താരത്തിന്റെ മികവിൽ സാസുവോളോയെ 2-1 ന് തകർത്തു കൊണ്ട് എസി മിലാൻ നിർണായകമായ മൂന്ന് പോയിന്റുകൾ കൈക്കലാക്കി. മത്സരത്തിന്റെ പത്തൊൻപത്, നാല്പത്തിയഞ്ച് മിനിറ്റുകളിലാണ് ഇബ്രാഹിമോവിച് വലചലിപ്പിച്ചത്. ജയത്തോടെ മിലാൻ അഞ്ചാം സ്ഥാനത്ത് എത്തി. 35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണ് മിലാന്റെ സമ്പാദ്യം. അതേസമയം ഒരു മത്സരം കുറച്ചു കളിച്ച റോമ 58 പോയിന്റോടെ തൊട്ട് പിറകിൽ ഉണ്ട്.

ഇബ്രാഹിമോവിച്ചിനെ മുൻനിർത്തിയാണ് എസി മിലാൻ ആക്രമണങ്ങൾ മെനഞ്ഞത്. പത്തൊൻപതാം മിനിറ്റിൽ അതിന് ഫലം കണ്ട്. ചൽഹനോഗ്ലുവിന്റെ ക്രോസ് ഒരു ഹെഡറിലൂടെ ഇബ്രാഹിമോവിച് വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ നാല്പത്തിരണ്ടാം മിനുട്ടിൽ ഫ്രാൻസെസ്‌കോ കാപുറ്റൊ സാസുവോളോയെ ഒപ്പമെത്തിച്ചു. തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഇബ്രാഹിമോവിച്ച് ലീഡ് നേടികൊടുത്തു. ഇത്തവണയും ചൽഹനോഗ്ലു തന്നെയാണ് ഗോളിന് വഴി വെച്ചത്. താരത്തിന്റെ പാസ്സ് സ്വീകരിച്ച ഇബ്ര ഗോൾകീപ്പറെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *