എംബപ്പേയുടെ പരിക്ക് ഗുരുതരമോ? ലൂയിസ് എൻറിക്കെ പറയുന്നു!

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന ക്ലാസിക്കോ പോരാട്ടത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പിഎസ്ജി ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർ താരം ഗോൺസാലോ റാമോസ് ഈ മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയായിരുന്നു.കോലോ മുവാനി,ഹക്കീമി എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.

മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് പരിക്കേറ്റിരുന്നു.ലിയനാർഡോ ബലേർഡിയുടെ ടാക്കിളിന് ഇരയായതിനെ തുടർന്നായിരുന്നു എംബപ്പേക്ക് പരിക്കേറ്റത്. തുടർന്ന് മത്സരത്തിന്റെ 32ആം മിനിറ്റിൽ എംബപ്പേക്ക് കളം വിടേണ്ടി വന്നിരുന്നു. പകരക്കാരനായി കൊണ്ടായിരുന്നു ഗോൺസാലോ റാമോസ് കളിക്കളത്തിലേക്ക് എത്തിയത്.

എംബപ്പേയുടെ പരിക്ക് ഗുരുതരമാണോ എന്നത് ആരാധകരെ അലട്ടുന്ന ഒരു കാര്യമാണ്. അതിനുള്ള മറുപടി ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയുടെ പരിക്ക് സീരിയസല്ല.പക്ഷേ അദ്ദേഹത്തിന് വേദനയുണ്ട്.കളിക്കളം വിടാൻ തീരുമാനിച്ചത് തന്നെയാണ് ശരിയായ തീരുമാനം.ഒരു തിരിച്ചടിയാണ് അദ്ദേഹത്തിന് ഏറ്റിരിക്കുന്നത്. പക്ഷേ കുഴപ്പങ്ങൾ ഒന്നുമില്ല ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

എംബപ്പേയുടെ അഭാവത്തിലും മികച്ച പ്രകടനം നടത്തി മികച്ച വിജയം നേടാൻ കഴിഞ്ഞു എന്നുള്ളത് പിഎസ്ജിക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. നിലവിൽ പിഎസ്ജി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. അടുത്ത മത്സരത്തിൽ ക്ലർമോന്റ് ഫൂട്ടാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *