റഫറിമാരാണ് ലാലിഗയെ കൊല്ലുന്നതെന്ന് ലെവന്റോസ്ക്കി,പണി കിട്ടാൻ സാധ്യത.

ഈ ലാലിഗയിൽ കളിച്ച ആദ്യ മത്സരത്തിൽ ഗെറ്റാഫെയോട് ബാഴ്സലോണ സമനില വഴങ്ങിയിരുന്നു.ആ മത്സരത്തിൽ വിവാദപരമായ ഒരുപാട് തീരുമാനങ്ങൾ റഫറി കൈകൊണ്ടിരുന്നു. അതിനുശേഷം നടന്ന രണ്ട് മത്സരങ്ങളിലും ബാഴ്സ വിജയിച്ചിരുന്നു. എന്നിരുന്നാലും റഫറിമാരുടെ പ്രവർത്തികളിലും തീരുമാനങ്ങളിലും വളരെയധികം അതൃപ്തി ഇപ്പോൾ പുകയുന്നുണ്ട്. ലാലിഗയിലെ റഫറിമാർക്ക് പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ ബാഴ്സയുടെ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയും റഫറിമാരെ വിമർശിച്ചിട്ടുണ്ട്.റഫറിമാരാണ് ലാലിഗയെ കൊല്ലുന്നത് എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.മെക്സിക്കി എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ലെവന്റോസ്ക്കി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേണ്ടത്ര അറ്റാക്കിങ് ലാലിഗയിൽ ഇല്ല, മാത്രമല്ല ഇപ്പോൾ തീരെ ആകർഷണവും ഇല്ല. റഫറിമാരാണ് ഈ ലീഗിനെ കൊന്നുകൊണ്ടിരിക്കുന്നത്.ഞാൻ ഇത്തരത്തിലുള്ള ഒരു ഫുട്ബോൾ ആയിരുന്നില്ല സ്പാനിഷ് ലീഗിലെ ക്ലബ്ബുകളിൽ നിന്നും പ്രതീക്ഷിച്ചിരുന്നത് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

അതായത് ലാലിഗയിലെ ഫുട്ബോളിനോട് താരത്തിന് ഒരു അതൃപ്തിയുണ്ട് എന്നുള്ളത് വ്യക്തമാണ്. മാത്രമല്ല റഫറിമാരെ വിമർശിച്ചതിന് ഒരുപക്ഷേ ഈ ബാഴ്സ താരത്തിനെതിരെ നടപടി വരാനും സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ഹോസേ ഗയ,സെർജിയോ കനാലസ് എന്നിവർ ഒഫീഷ്യൽസിനെ വിമർശിച്ചിരുന്നു. ഇതേ തുടർന്ന് നാലു മത്സരങ്ങളിൽ ആയിരുന്നു ലാലിഗ ഈ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അത്തരത്തിലുള്ള ഒരു നടപടി ലെവന്റോസ്ക്കിക്ക് നേരിടേണ്ടി വരുമോ എന്നുള്ളത് ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *