റാഫിഞ്ഞക്കും സാവിക്കും വിലക്ക്,ബാഴ്സക്ക് തിരിച്ചടി!

ഈ ലാലിഗയിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.ഗെറ്റാഫെയായിരുന്നു അവരെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നത്. ഈ മത്സരത്തിൽ നിരവധി വിവാദ സംഭവങ്ങൾ നടന്നിരുന്നു. റഫറി തങ്ങൾക്ക് പലപ്പോഴും പ്രതികൂലമായി തീരുമാനമെടുത്തുവെന്ന് ബാഴ്സ ആരാധകർ ആരോപിക്കുകയും ചെയ്തിരുന്നു.

ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞക്ക് മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചിരുന്നു. എതിർ താരത്തെ എൽബോ ചെയ്തത് കൊണ്ടാണ് റാഫീഞ്ഞക്ക് റെഡ് കാർഡ് ലഭിച്ചത്. മാത്രമല്ല ബാഴ്സയുടെ പരിശീലകനായ സാവിക്കും റെഡ് കാർഡ് ലഭിച്ചിരുന്നു.മത്സരശേഷം ലാലിഗക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഈ പരിശീലകൻ ഉയർത്തുകയും ചെയ്തിരുന്നു.

ഏതായാലും ലാലിഗയുടെ അച്ചടക്ക കമ്മറ്റി ഈ വിഷയത്തിൽ കൂടുതൽ നടപടി കൈക്കൊണ്ടിട്ടുണ്ട്. അതായത് റാഫീഞ്ഞക്കും സാവിക്കും ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്നാണ് ഇവരെ വിലക്കിയിട്ടുള്ളത്.കാഡിസ്,വിയ്യാറയൽ എന്നിവർക്കെതിരെയാണ് ബാഴ്സ അടുത്ത മത്സരങ്ങൾ കളിക്കുക.ഈ രണ്ടു മത്സരങ്ങളിലും ഇവരുടെ സേവനം ബാഴ്സക്ക് ലഭിക്കില്ല.

ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതിനാൽ ഇനിയുള്ള മത്സരങ്ങൾ ബാഴ്സലോണ വിജയിക്കേണ്ടതുണ്ട്.റാഫീഞ്ഞയുടെ അഭാവം ബാഴ്സയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. കാരണം ഡെമ്പലെ ക്ലബ്ബ് വിട്ടതിനാൽ ആ വിങ്ങിൽ ഒരു മികച്ച താരത്തിന്റെ അഭാവം നിലവിലുണ്ട്. വരുന്ന ഞായറാഴ്ചയാണ് അടുത്ത മത്സരം ബാഴ്സ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *