മെസ്സിക്കൊപ്പമല്ല,മെസ്സിയുടെ എതിരാളിയാവാൻ ഹസാർഡ്!

ചെൽസിയിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്ന ഈഡൻ ഹസാർഡ് വലിയ പ്രതീക്ഷകളോടുകൂടിയായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തിയത്. എന്നാൽ അദ്ദേഹം സമ്പൂർണ്ണമായി പരാജയപ്പെടുകയായിരുന്നു. നാലുവർഷക്കാലമാണ് റയൽ മാഡ്രിഡിൽ അദ്ദേഹം ചിലവഴിച്ചത്. കേവലം 7 ഗോളുകൾ മാത്രമാണ് ഇക്കാലയളവിൽ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.

പരിക്കുകളായിരുന്നു അദ്ദേഹത്തിന് വില്ലനായിരുന്നത്. ഇതോടെ റയൽ മാഡ്രിഡ് അദ്ദേഹത്തിന്റെ കരാർ ടെർമിനേറ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഹസാർഡ് ഫ്രീ ഏജന്റാണ്.പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ അദ്ദേഹമുള്ളത്.MLS ക്ലബ്ബായ ഇന്റർ മിയാമി അദ്ദേഹത്തെ സമീപിച്ചിരുന്നു.എന്നാൽ ഈഡൻ ഹസാർഡ് അത് നിരസിക്കുകയായിരുന്നു. സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം കളിക്കാനുള്ള അവസരമാണ് അദ്ദേഹം നിരസിച്ചത്. യൂറോപ്പിൽ തന്നെ തുടരാനുള്ള തീരുമാനമാണ് അദ്ദേഹം എടുത്തത്.

പക്ഷേ ഹസാർഡ് കരുതിയത് പോലെയല്ല കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്.യൂറോപ്പിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ വരുന്നില്ല. ഇപ്പോഴിതാ MLS ക്ലബ്ബായ വാങ്കോവർ വൈറ്റ്ക്യാപ്സ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.അവർ ഓഫർ നൽകുകയും ചെയ്തിട്ടുണ്ട്. ഇത് ഹസാർഡ് സ്വീകരിക്കുകയാണെങ്കിൽ ലയണൽ മെസ്സിയുടെ എതിരാളിയായി കൊണ്ട് നമുക്ക് അദ്ദേഹത്തെ MLS ൽ കാണാൻ സാധിച്ചേക്കും.

അതേസമയം ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയും ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ സൗദി അറേബ്യൻ ക്ലബ്ബുകൾക്കും ഹസാർഡിനെ വേണമെന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും പ്രധാനപ്പെട്ട ക്ലബ്ബുകൾ ഒന്നും താരത്തിന് വേണ്ടി മുന്നോട്ടു വന്നിട്ടില്ല.ഇതിനിടെ ബെൽജിയൻ ദേശീയ ടീമിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *